പത്തനംതിട്ട: ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപ്പത്താറുകാരിയെ വീട്ടിലെത്തി നിർബന്ധിച്ച് കുത്തിവയ്പ്പ് നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലഞ്ചുഴി സ്വദേശി ആകാശ് എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.മരുന്നില്ലാത്ത സിറിഞ്ചുകൊണ്ടാണ് കുത്തിവച്ചതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊവിഡ് വാക്സിൻ എടുത്തപ്പോൾ മുതൽ തനിക്ക് ആരെയെങ്കിലും കുത്തിവയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് നടപ്പാക്കാനാണ് വൃദ്ധയെ കുത്തിവച്ചതെന്നും ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ആകാശിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും സംശയിക്കുന്നുണ്ട്. അന്വേഷണവും ചോദ്യംചെയ്യലും പുരോഗമിക്കുകയാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസമാണ് റാന്നി കലുങ്ക് ജംഗ്ഷൻ സ്വദേശി ചിന്നമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ ഡോസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആകാശ് കുത്തിവയ്പ്പ് എടുത്ത്. വീട്ടിൽ കടന്നുകയറിയ ആകാശ് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് ചിന്നമ്മ പൊലീസിനോട് പറഞ്ഞത്. നടുവിന് ഇരുഭാഗത്തുമാണ് കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പ് നടത്തിയ ഉടൻ സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നൽകിയശേഷം കത്തിച്ചുകളയണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നു.

കുത്തിവയ്ക്കാൻ എത്തിയത് വെള്ളസ്കൂട്ടറിൽ ആണെന്ന് വ്യക്തമായതോടെ ആ നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കുത്തിവയ്പ്പിന് ഉപയോഗിച്ചിരുന്ന സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പൊലീസ് പരിശോധനയ്ക്ക് എടുത്തിരുന്നു. അതേസമയം, ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ചിന്നമ്മയെ ഡിസ്‌ചാർജ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here