തിരുവല്ല: ലഹരിക്ക് അടിമയായ മകന്റെ ശാരീരിക മാനസിക ഉപദ്രവം സഹിക്കാനാകാതെ മാതാവ് പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല കവിയൂർ കോട്ടൂർ നാഴിപ്പാറ അയ്യനാകുഴി വീട്ടിൽ കുഞ്ഞമ്മ പാപ്പൻ (85) ആണ് മകൻ രവിയുടെ നിരന്തര പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തുന്ന മകൻ നിരന്തരമായി ഉപദ്രവിക്കുമെന്ന് കുഞ്ഞമ്മ പറയുന്നു. ഏതാനും മാസങ്ങൾക്കുമുമ്പും രവിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞമ്മയെ സമീപവാസികൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മകൻ എന്ന പരിഗണനയിൽ പൊലീസിൽ പരാതി നൽകാൻ കുഞ്ഞമ്മ തയ്യാറായില്ല.

തിങ്കളാഴ്ച രാത്രിയും പതിവുപോലെ മർദ്ദനവും അസഭ്യവർഷവും തുടർന്നു. ഇന്നലെ രാവിലെ വീട്ടിൽനിന്ന് പോയ രവി താൻതിരികെ വരുമ്പോൾ ഇവിടെ കണ്ടുപോകരുതെന്ന് കുഞ്ഞമ്മയ്ക്ക് താക്കീത് നൽകി. തുടർന്നാണ് കുഞ്ഞമ്മ വീടിന് സമീപത്തെ പാറക്കുളത്തിൽ ചാടിയത്. സംഭവംകണ്ട തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളംവച്ചതിനെ തുടർന്ന് ഓടിയെത്തിയവർ ചേർന്ന് കുഞ്ഞമ്മയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ കുഞ്ഞമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർന്ന് തിരുവല്ല എസ്.ഐ വിമൽ രംഗനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി കുഞ്ഞമ്മയുടെ മൊഴി രേഖപ്പെടുത്തി രവിക്കെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here