മട്ടന്നൂര്‍ : കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ എക്സൈസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എം.ഡി.എം.എ.യും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനില്‍ (31) നിന്നാണ് ഇവ പിടിച്ചത്. നിര്‍ത്താതെ പോയ കാര്‍ മട്ടന്നൂര്‍ കരേറ്റയില്‍വെച്ചാണ് എക്സൈസ് സംഘം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിതവേഗത്തില്‍ ഓടിച്ച കാര്‍ വഴിയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കി.

തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ്‌ ബെംഗളൂരുവില്‍നിന്ന് വരുന്ന കാര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റിലെത്തിയത്. വാഹനപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ലഹരിയിലായിരുന്ന ഇയാള്‍ കാറുമായി കടന്നു. ഇരിട്ടി എക്സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി ടൗണിന് സമീപം കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫിറോസിനെ പിടിക്കാനായില്ല.

തുടര്‍ന്ന് മട്ടന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെയും അറിയിച്ചശേഷം കരേറ്റയില്‍വെച്ചാണ് കാര്‍ തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാര്‍ നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഫിറോസിനെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കൂട്ടുപുഴയില്‍നിന്ന് ഡോര്‍ പോലും അടയ്ക്കാതെ അമിതവേഗത്തില്‍ വന്ന കാര്‍ വഴിയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ഈ വാഹനങ്ങളിലുള്ളവരും ഇയാളെ പിന്തുടര്‍ന്ന് എത്തിയിരുന്നു. മുന്‍പ് വയനാട് ചെക്‌പോസ്റ്റില്‍വെച്ച് എം.ഡി.എം.എ. പിടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here