തിരുവനന്തപുരം : കേരളത്തിലെ ചിത്ര, ശിൽപ കലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നായ പത്മിനി പുരസ്ക്കാരം നേമം പുഷ്പരാജിന്. സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്. കാനായി കുഞ്ഞിരാമൻ, ബി.ഡി. ദത്തൻ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് നേമം പുഷ്പരാജിനെ ഇക്കുറി തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മെയ് 12ന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

കലാസംവിധായകൻ, സംവിധായകൻ എന്നിവയ്ക്ക് പുറമേ ചിത്രകാരൻ, ഗ്രന്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് പ്രവർത്തിച്ചു. തിരുവനന്തപുരം സംസ്കൃത കോളജ്, ഫൈൻ ആർട്ട്സ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1985ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഫ്.എ (പെയിൻ്റിംഗ്) ഒന്നാം റാങ്കോടെ ബിരുദം. 1986ൽ സാംസ്‌ക്കാരികവകിപ്പിനു കീഴിലുള്ള സർവ്വവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചു. 2017ൽ കലാവിഭാഗം മേധാവിയും, ആർട്ട് എഡിറ്ററുമായി വിരമിച്ചു.

2002ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെമ്പറും 2011ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനുമായിരുന്നു. 2022 കാലയളവിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ ഗവേണിംഗ് ബോഡി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ 80ലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിക്കുവാൻ പുഷ്പരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പരാജ് ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here