കണ്ണൂർ : അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് ക്യാമ്പയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്. 8207 യുവതകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു. പയ്യന്നൂര്‍ 2967, തളിപ്പറമ്പ് 2623, ഇരിക്കൂര്‍ 1767, പേരാവൂര്‍ 2708, മട്ടന്നൂര്‍ 1517, കൂത്തുപറമ്പ് 2266, ധര്‍മ്മടം 1071, തലശ്ശേരി 1847, കണ്ണൂര്‍ 2010, അഴീക്കോട് 467 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ ചേര്‍ത്ത വിദ്യാര്‍ഥികളുടെ കണക്ക്. 20 നീണ്ട ക്യാമ്പയിന്റെ ഭാഗമായി 50 പ്രത്യേക ക്യാമ്പുകളും വിവിധ കോളജുകളില്‍ നടത്തിയാണ് ഈ നേട്ടം കൈവരിക്കാനായത്. ക്യാമ്പയിന്റെ വിജയത്തിനായി കോളജ് പ്രിന്‍സിപ്പല്‍മാരുടെ സഹായവും എന്‍എസ്എസ് കേഡറ്റുമാരുടെ പിന്തുണയും സ്വീപ്പിന് ലഭിച്ചിരുന്നു. കൂടാതെ വോട്ടര്‍ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ ജില്ലാതലത്തില്‍ ഒരു പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ഇമെയില്‍ പിന്തുണയും ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്ത വിദ്യാര്‍ഥികള്‍ക്കിടിയില്‍ കൂടുതല്‍ അവബോധനം സൃഷ്ടിക്കാന്‍ ക്യാമ്പയിന്‍ കൊണ്ട് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here