കോഴിക്കോട് :ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

തോടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശനം നടത്തിയ ടീം ഓരോ മേഖലയിലും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചതായി എം.എൽ.എ പ്രഖ്യാപിക്കുകയും മുഴുവൻ വിഭാഗം വകുപ്പുകളുടെയും ജനങ്ങളുടെയും പിന്തുണ ആവശ്യപെടുകയും ചെയ്തു.

മഴക്കാലത്ത് വെള്ളം കയറി കൃഷി ഇറക്കാൻ സാധിക്കാതെ വരികയും തോടിന് സമീപം കാട് വളർന്ന് തോടുകളിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇരുവശവും പൂർണമായും കെട്ടി സംരക്ഷിക്കാത്തതിനാൽ തോടിൽ നിന്നും വെള്ളം വയലിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും രാത്രി കാലങ്ങളിൽ ഉണ്ടാകാറുണ്ട്.

വിവിധ വകുപ്പുകളുടെ സംയോജനത്തോടെ മാത്രമേ സങ്കേതം തോട് പൂർണ്ണമായും വീണ്ടെടുക്കാൻ സാധിക്കുകയുള്ളു. തോട് പുഴ വരെ കെട്ടി സംരക്ഷിക്കുകയും പ്രാദേശിക ടൂറിസം സാധ്യതകളായ ഫാം ടൂറിസം ഉൾപ്പെടെ നടപ്പാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പാക്കി വരുന്ന ജല ബജറ്റ് പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്.ഒരു പ്രദേശത്ത് ലഭ്യമാകുന്ന ജലത്തിന്റെ ലഭ്യതയും വിനിയോഗവും കണക്കാക്കി ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മുമായി ചേർന്ന് ജലബജറ്റ് പ്രവർത്തനത്തിന് സർക്കാർ തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 14 ബ്ലോക്കുകളിൽ കോഴിക്കോട് ജില്ലയിൽ നിന്നും കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിൽ ജലബജറ്റ് പൂർത്തിയാക്കിയിട്ടുണ്ട്.

സന്ദർശനത്തിന്റെ തുടർച്ചയായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വീണ്ടും വകുപ്പുകളുടെ യോഗം ചേരുകയും കരട് പദ്ധതി തയ്യാറാക്കുകയും തുടർന്ന് പ്രദേശവാസികൾ, കർഷകർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്ത് കൺവെൻഷൻ നടത്തും. പ്രദേശ വാസികളുടെയും കർഷകരുടെയും അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളിച്ചശേഷം സമഗ്ര പദ്ധതി തയ്യാറാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here