തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്. കലോത്സവം ഡിസംബറിൽ നടക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പുതുക്കിയ മാന്വൽ പ്രകാരം ഇത്തവണത്തെ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ കലകളും മത്സര ഇനങ്ങളാവും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സെപ്‌തംബർ 25, 26, 27 തീയതികളിൽ കണ്ണൂരിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്‌ത്രമേള നവംബർ 15 മുതൽ 17വരെ ആലപ്പുഴയിൽ നടക്കും. കായിക മേള ഇക്കൊല്ലം മുതൽ സ്‌കൂൾ ഒളിംപിക്‌സ് എന്ന പേരിലായിരിക്കും നടത്തുക. കായിക മേളയിൽ വലിയ രീതിയിലുള്ള പരിഷ്‌കരണങ്ങൾ കൊണ്ടുവരും. നാലുവർഷത്തിലൊരിക്കൽ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം. ആദ്യ സ്‌കൂൾ ഒളിംപിക്‌സ് ഒക്‌ടോബർ 18 മുതൽ 22വരെ എറണാകുളത്ത് നടത്തുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്‌തംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷത്തെ സ്‌കൂൾ കലോത്സവത്തിന് കൊല്ലം ജില്ലയാണ് വേദിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here