കാര്യവട്ടം : സംസ്ഥാനത്ത് കായിക സമ്പദ് വ്യവസ്ഥ വികസിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ തീം പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആദ്യമായാണ് ഒരു സംസ്ഥാനം കായിക സമ്പദ്ഘടനയുടെ അളവുകോൽ ചിട്ടപ്പെടുത്തുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവന നിലവിൽ ഒരു ശതമാനത്തിൽ അധികമാണ്. ഇതിനെ 2026 ഓടെ അഞ്ച് ശതമാനത്തിൽ എത്തിക്കുകയാണു ലക്ഷ്യം. സംസ്ഥാനത്തിന്റെ വളർച്ചയോടൊപ്പം കായിക മേഖലയും ശക്തമാക്കും. ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടും. വിദ്യാഭ്യാസരംഗത്തും ഇതു മാറ്റമുണ്ടാക്കും.

കഴിഞ്ഞ ഏഴുവർഷംകൊണ്ട് 1700 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കായിക മേഖലയിൽ സംസ്ഥാനം നടപ്പിലാക്കിയത്. എന്നാൽ ഇത് പര്യാപ്തമല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഈ മേഖലയിൽ പുതിയ നിക്ഷേപം ഉണ്ടാകണം. സൂക്ഷ്മതല കായിക പദ്ധതികളിലൂടെ മുഴുവൻ പഞ്ചായത്തുകളിലും കായിക സമ്പദ്ഘടന വളർത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന് അനുയോജ്യമായ ഏതൊക്കെ മേഖലകളാണ് വികസിപ്പിക്കേണ്ടതെന്ന് ആലോചിക്കും. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് കായിക സമ്പദ് വ്യവസ്ഥ ചർച്ച ചെയ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ കായിക നയമാണ് ഇതിന് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ വി കെ രാമചന്ദ്രൻ, കായിക വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതി നാഥ്, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽകുമാർ, സായ് പ്രിൻസിപ്പാൾ ജി. കിഷോർ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് വിഭാഗം തലവൻ സക്കീർ ഹുസൈൻ, കായിക വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here