തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും പ്രതിഷേധങ്ങള്‍ക്കിടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസ്സപ്പെട്ടു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു സമരക്കാര്‍.

ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് ടെസ്റ്റിന് വന്നവരും ആവശ്യപ്പെട്ടു. ടെസ്റ്റില്‍ പങ്കെടുക്കില്ലെന്നും ചിലര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.

പത്തനംതിട്ടയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് നിലവാരമില്ലെന്നും പറഞ്ഞും പ്രതിഷേധമുണ്ടായി. കായംകുളത്തും ഡ്രൈവിങ്ങ് ടെസ്റ്റ് നടന്നില്ല. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ സ്വകാര്യ ഭൂമിയിലുള്ള ടെസ്റ്റ് ഗ്രൗണ്ട് പൂട്ടിയ നിലയിലായിരുന്നു. ടെസ്റ്റിന് വന്നവര്‍ക്ക് അകത്ത് കടക്കാനായില്ല. മാവേലിക്കരയിലും ടെസ്റ്റ് നടന്നില്ല. ഒരു വിഭാഗം ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതിയായ കെഎംഡിഎസ് അറിയിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here