തിരുവനന്തപുരം: സംഗീതത്തിലും പശ്ചാത്തലസംഗീതത്തിലും തന്റേതായ ഇടം ഒരുക്കിയ സംഗീതസംവിധായകന്‍ രാജമണി വിടവാങ്ങിയിട്ട് 8 വര്‍ഷം. മറക്കാനാകാത്ത ഈണങ്ങളിലൂടെ, പശ്ചാത്തലസംഗീതത്തിലൂടെ ആ ഓര്‍മകള്‍ ഇന്നും മലയാളത്തിന് സ്വന്തം.എണ്ണത്തില്‍ കുറവെങ്കിലും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഗാനങ്ങള്‍ നമ്മുക്ക് സമ്മാനിച്ച് കടന്നുപോയ സംഗീത സംവിധായകനാണ് രാജാമണി. അനശ്വര സംഗീത സംവിധായകനായ ചിദംബരനാഥിന്റെ പാരമ്പര്യം കാത്ത മകന്‍. പതിനൊന്ന് ഭാഷകളിലായി എഴുപതോളം ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം നല്‍കിയ രാജാമണി പശ്ചാത്തലസംഗീതത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്

ഗിറ്റാറിലും കീബോര്‍ഡിലും നേടിയ വൈദഗ്ധ്യം അന്നത്തെ മുന്‍നിര സംഗീതസംവിധായകരുടെ പ്രീയങ്കരനാക്കി രാജാമണിയെ മാറ്റി. ആ യാത്ര ജോണ്‍സണ്‍മാസ്റ്ററോടൊപ്പം ചേര്‍ന്നപ്പോളാണ് ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുന്നതിലെ രാജാമണിയുടെ കഴിവ് ലോകം തിരിച്ചറിഞ്ഞത്.
‘നുള്ളി നോവിക്കാതെ’ എന്ന സിനിമയിലെ ‘ഈറന്‍ മേഘങ്ങള്‍’ എന്ന ഗാനത്തിലൂടെ സംഗീത സംവിധാന രംഗത്ത് എത്തിയ അദ്ദേഹം പിന്നീട് പശ്ചാത്തലസംഗീത രംഗത്തു സജീവമാകുകയായിരുന്നു. എഴുനൂറിലേറെ സിനിമകള്‍ക്കാണ് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, തുളു, ഉറുദു, ഒറിയ തുടങ്ങിയ ഭാഷകളിലും സംഗീതമൊരുക്കി.

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന-താളവട്ടത്തിലെ ഗാനം മലയാളികള്‍ക്ക് ഒരിയ്ക്കലും മറക്കാനാവില്ല. രാജാമണിയായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെന്നും ഇന്നും പലര്‍ക്കുമറിയില്ല. പ്രതിഭകളാല്‍ നിറഞ്ഞ ആ കാലത്ത് പ്രമുഖരുടെ നിഴലില്‍ ഒതുങ്ങിപ്പോയവരുടെ നിരയില്‍ ഇടം പിടിച്ചതിനാലാവാണം അദ്ദേഹത്തിന്റേതായ ഈണങ്ങള്‍ അധികം നമ്മുക്ക് ലഭിക്കാതെ പോയത്. കൂടാതെ ‘സ്വയം മറന്നുവോ'(വെല്‍ക്കം ടു കൊടൈക്കനാല്‍), ‘നന്ദകിശോരാ'(ഏകലവ്യന്‍) തുടങ്ങിയവയും രാജാമണി ഒരുക്കിയ ഗാനങ്ങളാണ്.‘ആറാം തമ്പുരാന്റെ’ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘ഇന്‍ ദ് നെയിം ഓഫ് ബുദ്ധ’ എന്ന ഇംഗ്ലിഷ് സിനിമയുടെ പശ്ചാത്തലസംഗീതത്തിനു മൂന്നു രാജ്യാന്തര അവാര്‍ഡുകളും ‘നന്ദനം’, ‘ശാന്തം’ എന്നിവയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്നു രാജാമണിയില്‍ നിന്നും ലഭിച്ച സംഗീതത്തിന് ഇന്നും പത്തരമാറ്റാണ്

LEAVE A REPLY

Please enter your comment!
Please enter your name here