മുണ്ടക്കയം : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് സ്വാഗതവും വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ എസ്. സേതു കുമാർ റിപ്പോർട്ട് അവതരണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു , വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ പ്രദീപ്, ജോഷി മംഗലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ സംബന്ധിക്കും.
178.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജലസ്രോതസ്സ്, ശുദ്ധീകരണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈപ്പുകൾ, വിതരണ പൈപ്പുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി പ്രവർത്തിയെ ആറ് പാക്കേജ്കളാക്കി തിരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച് നിർമ്മാണം ആരംഭിക്കുകയാണ്.
അമരാവതിയിൽ 9 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണശാല , 9 മീറ്റർ വ്യാസമുള്ള കിണർ, മുളംകുന്നിൽ 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജല സംഭരണി, സീയോൻകുന്നിൽ ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമ്മാണം, മൈക്കോളജിയിൽ 4 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി, ഇളംബ്രാമലയിൽ 10.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി, പറത്താനത്തു ബൂസ്റ്റർ സ്റ്റേഷൻ, വട്ടക്കാവ് ൽ ഭൂതല ജല സംഭരണി, വട്ടക്കാവ് ൽ ബൂസ്റ്റർ സ്റ്റേഷൻ, 245 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 15987 കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here