തിരൂര്‍: മാതാപിതാക്കളോടൊപ്പം തീവണ്ടിയാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍. സഹയാത്രികരുടേയും ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബീച്ച് റോഡ് സ്വദേശി കറുത്താമാക്കാകത്ത് ജംഷീറിന്റെ മകന്‍ ഷാസില്‍ മുഹമ്മദി (നാല്)നെയാണ് ഷൊര്‍ണൂര്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥനും തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് അത്താണി സ്വദേശിയുമായ ഒലക്കേങ്കില്‍ ബാബു സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയിലാണ് സംഭവംകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹയാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു. തീവണ്ടി നിര്‍ത്തി ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കാര്യം തിരക്കി. ട്രാക്കില്‍ ഇറങ്ങിയ മാതാവില്‍ നിന്ന് കുട്ടിയെ വാങ്ങി സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു.

കുട്ടിയെ തോളിലേറ്റി ബാബു ട്രാക്കിലൂടെ ഓടി ഷൊര്‍ണൂര്‍ സ്റ്റേഷനിലെ രണ്ടാം എന്‍ട്രിയിലൂടെ കയറി ഓട്ടോ വിളിച്ചു. ഓട്ടോയില്‍ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കി. നിംസ് ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം മാറിയതോടെ ജംഷീറും കുടുംബവും കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ചു. അവസരോചിതമായി ഇടപെട്ട് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശ്രദ്ധ കൊടുത്ത ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ബാബുവിനെ കുട്ടിയുടെ പിതാവായ ജംഷീറും കുടുംബവും തീവണ്ടിയാത്രക്കാരും റെയില്‍വേ അധികൃതരും അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here