പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് എത്തിയത്. ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിനിന്‍റെ സർവീസ് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ വരുന്നത് കൊണ്ട് പ്ലാറ്റ്ഫോമിന് അസൗകര്യമുണ്ടോ, ട്രാക്കിലൂടെ ട്രെയിനിന് സുഗമമായി പോകുവാൻ സാധിക്കുമോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് അധികൃതർ പരിശോധിച്ചത്. പാലക്കാട് ജംങ്ഷനിലെ അഞ്ച് പ്ലാറ്റ്ഫോമുകളിലും ഡബിൾ ഡെക്കർ ട്രെയിൻ എത്തിക്കുകയും ചെയ്തു. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്.

രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45ന് പാലക്കാട് ടൗണിലും 11.05ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തി. തിരികെ 11.35ന് പുറപ്പെട്ട് 2.40ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ഡബിൾ ഡെക്കർ ട്രെയിനിലൂടെ റെയിൽവേ ലക്ഷ്യം വെക്കുന്നത്. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ.സി ചെയര്‍ കാര്‍ ട്രെയിനാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.ഡബിൾ ഡക്കർ ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. കിണത്തുകടവ് സ്വദേശികളായ ഐ.ടി ജീവനക്കാരും പൊള്ളാച്ചിയിലെ വ്യവസായികളും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. ട്രെയിൻ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടിയാൽ ബംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ബംഗളൂരുവിലേക്ക് നേരിട്ട് ട്രെയിനില്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപേട്ട്, പളനി എന്നിവിടങ്ങളിൽ നിന്നുള്ളവർ ബംഗളൂരു യാത്രക്കായി കോയമ്പത്തൂർ, തിരുപ്പുർ, ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here