അഞ്ചൽ: ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അഞ്ചൽ മാർക്കറ്റിൽ വീണ്ടും തീപിടിത്തം. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിലും അ‌ഞ്ചൽ പൊലീസിലും അറിയിച്ചു. പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. മാർക്കറ്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആളിപ്പടരുന്നത് കണ്ടത്.കഴിഞ്ഞ മാർച്ച് 5 ന് രാത്രിയിൽ ഇവിടെ ഉണ്ടായ തീ പിടിത്തത്തിൽ ഒരു കോടിയിൽ അധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്നും പുനലൂർ, കടയ്ക്കൽ, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്താൻ കഴിഞ്ഞത്. നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മാത്രമല്ല ഇതിനോട് ചേർന്ന് ഒരു ആരോഗ്യ ചികിത്സാ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്ററിൽ ചലിക്കാൻ പോലും ബുദ്ധിമുട്ടുള്ള നിരവധി പേർ ചികിത്സതേടി എത്താറുണ്ട്. തീ പിടിത്തം തുടർച്ചയായി ഉണ്ടാകുന്നത് ഇവിടെ ചികിത്സയ്ക്ക് എത്തുന്നവരെയും ഭയപ്പാടിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here