പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി പരാതികള്‍ രേഖപ്പെടുത്താം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി വിജില്‍ ആപ്പ്. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഉടന്‍ തന്നെ അതിന്റെ ചിത്രമോ വീഡിയോയോ പകര്‍ത്തി ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്താന്‍സാധിക്കും. ഒപ്പം നൂറു മിനിറ്റിനുള്ളില്‍ പരിഹാരത്തിനും വിലയിരുത്തലിനുമുളള സംവിധാനവും ഉണ്ട്. ഉപയോക്താക്കള്‍ക്ക് പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും. ലഭിക്കുന്ന പരാതികളും ചൂണ്ടികാണിക്കപ്പെടുന്ന നിയമ ലംഘനങ്ങളും കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജന്‍സികള്‍/ സമിതികളുടെ പ്രവര്‍ത്തന ഏകോപനവും സ്‌ക്വാഡുകള്‍ക്കുള്ള സംശയങ്ങളുടെ ദൂരീകരണവും ഇവിടെ നടക്കും. ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടന്‍ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, എഡിഎം ജി സുരേഷ്ബാബു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here