ന്യൂ ഡൽഹി: ജനുവരി 22, 2024

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒടുവില്‍ നമ്മുടെ രാമന്‍ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“നൂറ്റാണ്ടുകളുടെ ക്ഷമ, എണ്ണിയാലൊടുങ്ങാത്ത ത്യാഗങ്ങള്‍, സമര്‍പ്പണം, തപസ്സ് എന്നിവയ്ക്ക് ശേഷം, നമ്മുടെ ശ്രീരാമന്‍ ഇതാ ഇവിടെയുണ്ട്” എന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ അവസരത്തില്‍ പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു. ‘ഗര്‍ഭഗൃഹ’ത്തിനുള്ളിലെ (അന്തര്‍ ശ്രീകോവിലിന്റെ) ദിവ്യബോധം അനുഭവിച്ചറിയുന്നത് വാക്കുകളില്‍ വിവരിക്കാനാകില്ലെന്നും തന്റെ ശരീരം ഊര്‍ജത്താല്‍ തുടിക്കുകയാണെന്നും മനസ്സ് പ്രാണ പ്രതിഷ്ഠയുടെ നിമിഷത്തിനായി സമര്‍പ്പിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങളുടെ രാം ലല്ല ഇനി കൂടാരത്തില്‍ താമസിക്കില്ല. ഈ ദിവ്യക്ഷേത്രം ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭവനമാണ്” എന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്നത്തെ ചടങ്ങുകള്‍ രാജ്യത്തും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആദരവും പ്രകടിപ്പിച്ചു.

“ഈ നിമിഷം അമാനുഷികവും പവിത്രവുമാണ്. അന്തരീക്ഷവും പരിസ്ഥിതിയും ഊര്‍ജവും ശ്രീരാമന്റെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു” – ശ്രീ മോദി പറഞ്ഞു. ജനുവരി 22-ലെ പ്രഭാത സൂര്യന്‍ അതിനൊപ്പം പുതിയ പ്രഭാവലയം കൊണ്ടുവന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “2024 ജനുവരി 22 കലണ്ടറിലെ വെറുമൊരു തീയതിയല്ല, അത് ഒരു പുതിയ ‘കാലചക്ര’ത്തിന്റെ ഉത്ഭവമാണ്’, എന്ന് പറഞ്ഞ പ്രധാനമന്ത്രി രാമജന്മഭൂമി ക്ഷേത്രത്തിന്റെ ‘ഭൂമി പൂജ’യ്ക്ക് ശേഷം രാജ്യത്തിന്റെ സന്തോഷവും ആഘോഷ മനോഭാവവും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി പൗരന്മാരില്‍ പുതിയ ഊര്‍ജ്ജം ഉണര്‍ത്തിയെന്നും ചൂണ്ടിക്കാട്ടി. “നൂറ്റാണ്ടുകളുടെ ക്ഷമയുടെ പൈതൃകമാണ് ഇന്ന് നമുക്ക് ലഭിച്ചത്, ഇന്ന് നമുക്ക് ശ്രീരാമക്ഷേത്രം ലഭിച്ചു” – അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത് ഭൂതകാല അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന രാഷ്ട്രമാണ് ചരിത്രമെഴുതുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനി മുതല്‍ ആയിരം വര്‍ഷങ്ങള്‍ ഇന്നത്തെ തീയതി ചര്‍ച്ച ചെയ്യപ്പെടുമെന്നും ശ്രീരാമന്റെ അനുഗ്രഹത്താലാണ് ഈ സുപ്രധാന സന്ദര്‍ഭത്തിന് നാം സാക്ഷികളാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ദിനങ്ങളും ദിശയും ആകാശവും എല്ലാം ഇന്ന് ദൈവികതയാല്‍ നിറഞ്ഞിരിക്കുന്നു” – ഇത് ഒരു സാധാരണ കാലഘട്ടമല്ലെന്നും കൃത്യസമയത്ത് മനസില്‍ പതിയുന്ന മായാത്ത ഓര്‍മ്മകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീരാമന്റെ എല്ലാ പ്രവൃത്തികളിലും ശ്രീ ഹനുമാന്റെ സാന്നിധ്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ശ്രീ ഹനുമാനെയും ഹനുമാന്‍ ഗഢിയെയും വണങ്ങി. ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, ജാനകി മാതാവ് എന്നിവരെയും അദ്ദേഹം കുമ്പിട്ടു. ചടങ്ങില്‍ ഉടനീളം ദൈവിക അസ്തിത്വങ്ങളുടെ സാന്നിധ്യം അദ്ദേഹം ഏറ്റുപറഞ്ഞു. ഇന്നത്തെ ദിവസം കാണാന്‍ വൈകിയതിന് ശ്രീരാമഭഗവാനോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, ഇന്ന് ആ ശൂന്യത നികത്തിയതിനാല്‍ തീര്‍ച്ചയായും ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്നും പറഞ്ഞു. ഭക്തകവി തുളസീദാസിന്റെ ‘ത്രേതായുഗ’ത്തിലെ ശ്രീരാമന്റെ മടങ്ങിവരവ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, അക്കാലത്തെ അയോധ്യ അനുഭവിച്ചിരുന്ന സന്തോഷം അനുസ്മരിച്ചു. “ശ്രീരാമനുമായുള്ള വേര്‍പിരിയല്‍ 14 വര്‍ഷം നീണ്ടുനിന്നു, അത് അസഹനീയമായിരുന്നു. ഈ യുഗത്തില്‍ അയോധ്യയും നാട്ടുകാരും നൂറുകണക്കിനു വര്‍ഷത്തെ വേര്‍പിരിയലാണ് അനുഭവിച്ചത്” – മോദി പറഞ്ഞു. ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പില്‍ ശ്രീരാമന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും, സ്വാതന്ത്ര്യാനന്തരം ഒരു നീണ്ട നിയമയുദ്ധം നടന്നു. നീതിയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചതിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നീതിയുടെ ആള്‍രൂപമായ ശ്രീരാമന്റെ ക്ഷേത്രം ന്യായമായ മാര്‍ഗങ്ങളിലൂടെയാണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ഘോഷയാത്രകള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും ക്ഷേത്രങ്ങളില്‍ ശുചീകരണ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. “ഇന്ന് രാജ്യം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. എല്ലാ വീടുകളും വൈകുന്നേരം ‘രാമജ്യോതി’ തെളിയിക്കാന്‍ തയ്യാറാണ്”- ശ്രീ മോദി പറഞ്ഞു. രാമസേതുവിന്റെ ഉത്പത്തി സ്ഥാനമായ അരിച്ചല്‍ മുനൈയില്‍ ഇന്നലെ താന്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി, കാലചക്രത്തെ മാറ്റിമറിച്ച നിമിഷമാണതെന്ന് കൂട്ടിച്ചേര്‍ത്തു. ആ നിമിഷത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടി, കാലത്തിന്റെ വൃത്തം മാറ്റി മുന്നോട്ട് പോകാനുള്ള അവസരം കൂടിയാണ് ഇന്നത്തെ നിമിഷമെന്ന വിശ്വാസമാണ് തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ 11 ദിവസത്തെ അനുഷ്ഠാന വേളയില്‍ ശ്രീരാമന്‍ കാലുകുത്തിയ എല്ലാ സ്ഥലങ്ങള്‍ക്കും മുന്നില്‍ വണങ്ങാന്‍ ശ്രമിച്ചതായി ശ്രീ മോദി അറിയിച്ചു. നാഷിക്കിലെ പഞ്ചവടി ധാം, കേരളത്തിലെ തൃപ്രയാര്‍ ക്ഷേത്രം, ആന്ധ്രാപ്രദേശിലെ ലേപാക്ഷി, ശ്രീരംഗത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, രാമേശ്വരത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി എന്നിവയെ പരാമര്‍ശിച്ച പ്രധാനമന്ത്രി കടലില്‍ നിന്ന് സരയൂ നദിയിലേക്കുള്ള യാത്രയ്ക്ക് നന്ദി അറിയിച്ചു. “കടല്‍ മുതല്‍ സരയൂ നദി വരെ, രാമനാമത്തിന്റെ അതേ സഹർഷ മനോഭാവം എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ഭഗവാന്‍ ശ്രീരാമന്‍ ഇന്ത്യയുടെ ആത്മാവിന്റെ എല്ലാ കണികകളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്”. ഇന്ത്യയിലെവിടെയും എല്ലാവരുടെയും മനസ്സാക്ഷിയില്‍ ഏകത്വത്തിന്റെ വികാരം കണ്ടെത്താന്‍ കഴിയുമെന്നും കൂട്ടായ്മയ്ക്ക് ഇതിലും മികച്ച സൂത്രവാക്യം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പല ഭാഷകളിലും ശ്രീരാമകഥ ശ്രവിച്ചതിന്റെ  അനുഭവം അനുസ്മരിച്ചുകൊണ്ട്, പാരമ്പര്യങ്ങളുടെ ഓർമ്മകളിലും ഉത്സവങ്ങളിലും രാമനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “എല്ലാ യുഗങ്ങളിലും മനുഷ്യരിൽ രാമൻ ജീവിച്ചിരുന്നു. അവർ രാമനെ  അവരുടെ ശൈലിയിലും വാക്കുകളിലും പ്രകടിപ്പിച്ചു. ജീവിതത്തിന്റെ ഒഴുക്ക് പോലെ തുടർച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ് ഈ രാമരസം’. രാമകഥ അനന്തമാണ്, രാമായണവും അനന്തമാണ്. രാമന്റെ ആദർശങ്ങളും മൂല്യങ്ങളും അനുശാസനങ്ങളും എല്ലായിടത്തും ഒരുപോലെയാണ്.”

ഇന്നത്തെ ദിവസം സാധ്യമാക്കിയ ജനങ്ങളുടെ ത്യാഗത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സന്യാസിമാർ, കർസേവകർ, രാമഭക്തർ എന്നിവർക്ക്  അദ്ദേഹം ആദരവ് അർപ്പിച്ചു. “ഇന്നത്തെ സന്ദർഭം ആഘോഷത്തിന്റെ നിമിഷം മാത്രമല്ല, അതേ സമയം ഇന്ത്യൻ സമൂഹത്തിന്റെ പക്വതയെ തിരിച്ചറിയുന്ന നിമിഷം കൂടിയാണ്. നമ്മെ  സംബന്ധിച്ചിടത്തോളം ഇത് വിജയത്തിന്റെ മാത്രമല്ല, എളിമയുടെയും ഒരു സന്ദർഭമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രത്തിന്റെ കുരുക്കുകൾ വിശദീകരിച്ചുകൊണ്ട്, ഒരു ജനതയുടെ ചരിത്രവുമായുള്ള  പോരാട്ടത്തിന്റെ ഫലം വളരെ അപൂർവമായേ സന്തോഷദായകമാവൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “എങ്കിലും, നമ്മുടെ രാജ്യം ചരിത്രത്തിന്റെ ഈ കുരുക്ക് അഴിച്ചതിൻ്റെ ആഴവും സംവേദനക്ഷമതയും കാണിക്കുന്നത് നമ്മുടെ ഭാവി നമ്മുടെ ഭൂതകാലത്തേക്കാൾ വളരെ മനോഹരമായിരിക്കുമെന്നു തന്നെയാണ് ” അദ്ദേഹം പറഞ്ഞു. ദോഷൈകദൃക്കുകളെ സൂചിപ്പിച്ചുകൊണ്ട്, ഇത്തരക്കാർ നമ്മുടെ സാമൂഹിക ധാർമ്മികതയുടെ പുണ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.  “ഈ രാംലാല ക്ഷേത്രത്തിന്റെ നിർമ്മാണം ഇന്ത്യൻ സമൂഹത്തിന്റെ സമാധാനത്തിന്റെയും ക്ഷമയുടെയും പരസ്പര ഐക്യത്തിന്റെയും ഏകോപനത്തിന്റെയും പ്രതീകമാണ്. ഈ നിർമ്മിതി പിറവി നൽകുന്നത് അഗ്നിയ്ക്കല്ല, മറിച്ച് ഒരു ഊർജ്ജത്തിനാണ്. രാമക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശോഭനമായ ഭാവിയുടെ പാതയിൽ മുന്നേറാൻ പ്രചോദനം നൽകി,” അദ്ദേഹം പറഞ്ഞു. “രാമൻ അഗ്നിയല്ല, ഊർജ്ജമാണ്; സംഘർഷമല്ല, പരിഹാരമാണ്; രാമൻ നമുക്കു മാത്രമല്ല എല്ലാവർക്കും അവകാശപ്പെട്ടതാണ്; രാമൻ ഇന്നിന്റെ മാത്രമല്ല, അനന്തമാണ്,” അദ്ദേഹം തുടർന്നു പറഞ്ഞു.

ലോകം മുഴുവൻ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിൽ നിന്ന്  രാമന്റെ സർവ്വവ്യാപിത്വം ദർശിക്കാൻ  കഴിയുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാനമായ ആഘോഷങ്ങൾ പല രാജ്യങ്ങളിലും കാണാമെന്നും രാമായണത്തിന്റെ ആഗോള  ആഘോഷമായി അയോധ്യാ ഉത്സവം മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്ന ആശയമാണ് രാംലാലയുടെ  അന്തസ്സ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമന്റെ വിഗ്രഹത്തിന്റെ പ്രാണ  പ്രതിഷ്ഠ വെറുമൊരു ചടങ്ങ് മാത്രമല്ല, ശ്രീരാമന്റെ രൂപത്തിൽ പ്രകടമാകുന്ന ഇന്ത്യൻ സംസ്‌കാരത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ സമർപ്പണവും കൂടിയാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. അത് മാനുഷിക മൂല്യങ്ങളുടെയും പരമോന്നത ആദർശങ്ങളുടെയും മൂർത്തീകരണമാണെന്നും ഇത് ഇന്നത്തെ  ലോകത്തിന്റെയും  കാലഘട്ടത്തിന്റെയും  ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ക്ഷേമം എന്ന ആശയം  ഇന്ന് രാമക്ഷേത്രത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ടെന്നും അത് വെറുമൊരു ക്ഷേത്രമല്ലെന്നും ഇന്ത്യയുടെ ദർശനവും തത്ത്വചിന്തയും ദിശാബോധവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇത് രാമന്റെ രൂപത്തിലുള്ള ദേശീയ ബോധത്തിന്റെ ക്ഷേത്രമാണ്. ഭാരതത്തിന്റെ വിശ്വാസം, അടിത്തറ, ആശയം, നിയമം, ബോധം, ചിന്ത, അന്തസ്സ്, മഹത്വം എന്നിവയാണ് ശ്രീരാമൻ. രാമൻ പ്രവാഹവും, പ്രഭാവവുമാണ്. രാമൻ നീതിയാണ്. രാമൻ നിത്യനാണ്. രാമൻ തുടർച്ചയാണ്. രാമൻ വിഭുവാണ്. രാമൻ സർവ്വവ്യാപിയാണ്, രാമൻ ലോകമാണ് പ്രപഞ്ചാത്മാവാണ് ”, പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്റെ പ്രതിഷ്ഠയുടെ സ്വാധീനം ആയിരക്കണക്കിന് വർഷങ്ങൾ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മഹർഷി വാൽമീകിയെ ഉദ്ധരിച്ചുകൊണ്ട്, രാമൻ പതിനായിരം വർഷം രാജ്യം ഭരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ആയിരക്കണക്കിന് വർഷങ്ങളായുള്ള  രാമരാജ്യത്തിന്റെ സ്ഥാപനത്തെ സൂചിപ്പിക്കുന്നു. “ത്രേതായുഗത്തിൽ രാമൻ വന്നപ്പോൾ ആയിരക്കണക്കിന് വർഷങ്ങളോളം രാമരാജ്യം സ്ഥാപിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങളായി രാമൻ ലോകത്തെ നയിച്ചിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

മഹത്തായ രാമക്ഷേത്രം യാഥാർത്ഥ്യമായതിന് ശേഷം മുന്നോട്ടുള്ള പാതയെക്കുറിച്ച് ആത്മപരിശോധന നടത്താൻ പ്രധാനമന്ത്രി ഓരോ രാമഭക്തരോടും ആവശ്യപ്പെട്ടു. “ഇന്ന്, കാലചക്രം മാറിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നുന്നു. ഈ നിർണായക പാതയുടെ ശില്പിയായി നമ്മുടെ തലമുറയെ തിരഞ്ഞെടുത്തത് സന്തോഷകരമായ യാദൃശ്ചികതയാണ്.” പ്രധാനമന്ത്രി മോദി നിലവിലെ യുഗത്തിന്റെ പ്രാധാന്യം അടിവരയിടുകയും “ഇതാണ് സമയവും ശരിയായ സമയവും”എന്ന് അർത്ഥം വരുന്ന  ‘യഹി സമയ ഹേ സഹി സമയ ഹേ’ എന്ന തന്റെ  വരി ആവർത്തിക്കുകയും ചെയ്തു. “അടുത്ത ആയിരം വർഷത്തേക്ക് നാം ഇന്ത്യയുടെ അടിത്തറ പാകണം. ക്ഷേത്രത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ, ഈ നിമിഷം മുതൽ ശക്തവും കഴിവുള്ളതും മഹത്തായതും ദൈവികവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് നമ്മൾ ഇന്ത്യക്കാർ  പ്രതിജ്ഞ ചെയ്യണം ,” പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിന് രാമന്റെ ആദർശം രാജ്യത്തിന്റെ മനസ്സാക്ഷിയിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ദേവനിൽ നിന്ന് ദേശത്തിലേക്കും  രാമനിൽ നിന്ന് രാഷ്ട്രത്തിലേക്കും തങ്ങളുടെ  ബോധം വികസിപ്പിക്കാൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ശ്രീ ഹനുമാന്റെ സേവനം, ഭക്തി, സമർപ്പണം എന്നിവയിൽ നിന്ന് പാഠം ഉൾകൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. “ഓരോ ഇന്ത്യക്കാരന്റെയും ഈ ഭക്തി, സേവനം, അർപ്പണബോധം എന്നിവ  മഹത്തായതും ദൈവികവുമായ ഇന്ത്യയുടെ അടിസ്ഥാനമായി മാറും”, അദ്ദേഹം പറഞ്ഞു.  ‘രാമൻ വരും’ എന്ന മാതാ ശബ്രിയുടെ വിശ്വാസം ഓരോ ഭാരതീയന്റെയും ഹൃദയത്തിലുണ്ടെന്നും അത് മഹത്തായ ദൈവികമായ ഇന്ത്യയുടെ അടിത്തറയായിരിക്കുമെന്നും പ്രധാനമന്ത്രി തുടർന്നു പറഞ്ഞു. നിഷാദ്രാജിനോടുള്ള രാമന്റെ വാത്സല്യത്തിന്റെ ആഴവും മൗലികതയും പരാമർശിച്ച്, എല്ലാവരും ഒന്നാണെന്നും ഈ ഏകത്വത്തിന്റെയും യോജിപ്പിന്റെയും വികാരം പ്രാപ്തിയുള്ളതും മഹത്തായതും ദിവ്യവുമായ ഇന്ത്യയുടെ അടിത്തറയായിരിക്കുമെന്നാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാജ്യത്ത് നിരാശയ്ക്ക് ഇടമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെറിയവരും സാധാരണക്കാരും എന്ന് സ്വയം കരുതുന്നവർ അണ്ണാൻ നൽകിയ സംഭാവനകൾ ഓർത്തിരിക്കണമെന്നും അലസതയിൽ നിന്നും  മടിയിൽ നിന്നും  മോചനം നേടണമെന്നും അണ്ണാന്റെ  കഥയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ചെറുതോ വലുതോ ആയ എല്ലാ ശ്രമങ്ങൾക്കും അതിന്റേതായ ശക്തിയും സംഭാവനയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സബ്ക പ്രയാസിന്റെ ആത്മാവ് ശക്തവും കഴിവുള്ളതും മഹത്തായതും ദൈവികവുമായ ഇന്ത്യയുടെ അടിസ്ഥാനമായി മാറും. ദൈവത്തിൽ നിന്ന് ഉത്പിദമായ രാജ്യത്തിന്റെ ബോധത്തിന്റെയും രാമനിൽ നിന്ന് ഉത്പിദമായ രാഷ്ട്രബോധത്തിന്റെയും വികാസമാണിത്”, പ്രധാനമന്ത്രി പറഞ്ഞു.

അപാരമായ അറിവും അപാരമായ ശക്തിയുമുള്ള ലങ്കയുടെ അധിപനായ രാവണനോട് യുദ്ധം ചെയ്തപ്പോൾ ആസന്നമായ പരാജയത്തെക്കുറിച്ച് അറിഞ്ഞ ജടായുവിലേക്ക് വെളിച്ചം വീശിക്കൊണ്ട്, അത്തരം കടമയുടെ പരിസമാപ്തിയാണ് കഴിവുറ്റ, ദൈവികമായ ഇന്ത്യയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്രനിർമ്മാണത്തിനായി സമർപ്പിക്കുമെന്ന് ശ്രീ മോദി പ്രതിജ്ഞയെടുത്തു, “രാമന്റെ പ്രവർത്തിയും, രാഷ്ട്രത്തിന്റെ പ്രവൃത്തിയും , ഓരോ നിമിഷത്തേയും ശരീരത്തിലെ ഓരോ കണികയേയും രാമ സമർപ്പണത്തെ രാഷ്ട്രത്തിനായുള്ള സമർപ്പണത്തിന്റെ ലക്ഷ്യവുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രത്യേകം ഓർമിപ്പിച്ചു .

ഭഗവാന്‍ രാമനോടുള്ള നമ്മുടെ ആരാധന ‘ഞാന്‍ മുതല്‍ നമ്മള്‍’ വരെയുള്ള സര്‍വ സൃഷ്ടികള്‍ക്കും വേണ്ടിയായിരിക്കണമെന്ന് ‘സ്വത്വത്തിനപ്പുറം പോകുക’ എന്ന തന്റെ ആശയം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി,പറയുകയുണ്ടായി. ഒരു വികസിത ഭാരതത്തിന്റെ സൃഷ്ടിക്കായി നമ്മുടെ പ്രയത്‌നങ്ങളെ പൂർണമായി സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായുള്ള ഘടകങ്ങളുടെ സമ്പൂര്‍ണ്ണ സംയോജനം എന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അമൃത കാലത്തെയും യുവജന ജനസംഖ്യാശാസ്ത്രത്തെയും പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തങ്ങളുടെ പൈതൃകത്തിന്റെ ശക്തമായ പിന്തുണ സ്വീകരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ യുവതലമുറയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ”പാരമ്പര്യത്തിന്റെ വിശുദ്ധവും ആധുനികതയുടെ അനന്തവുമായ പാത പിന്തുടര്‍ന്ന് ഇന്ത്യ സമൃദ്ധിയിലേക്കെത്തും”, പ്രധാനമന്ത്രി പറഞ്ഞു.

വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് ഭാവിയെന്നതും മഹത്തായ രാമക്ഷേത്രം ഇന്ത്യയുടെ പുരോഗതിക്കും ഉയര്‍ച്ചയ്ക്കും സാക്ഷിയായിരിക്കുമെന്നതും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ”ഈ മഹത്തായ രാമക്ഷേത്രം വികസിത ഭാരതത്തിന്റെ ഉദയത്തിന് സാക്ഷിയാകും”, പ്രധാനമന്ത്രി പറഞ്ഞു. ”ഒരു ലക്ഷ്യം ന്യായമായതും കൂട്ടായതും സംഘടിതവുമായ ശക്തിയില്‍ നിന്ന് പിറവിയെടുക്കുകയും അത് എങ്ങനെയും നേടാനാകുമെന്ന് ക്ഷേത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി പറയുകയുണ്ടായി. ”ഇത് ഇന്ത്യയുടെ സമയമാണ്, ഇന്ത്യ മുന്നോട്ട് കുതിക്കാൻ പോകുകയാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ നാം ഇവിടെ എത്തി. നാമെല്ലാവരും ഈ കാലഘട്ടത്തിനായി, ഈ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇനി നമ്മള്‍ വിശ്രമിക്കില്ല, നമ്മള്‍ വികസനത്തിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര തുടരും”, രാം ലല്ലയുടെ പാദങ്ങളില്‍ പ്രണാമം അര്‍പ്പിക്കുകയും എല്ലാ ആശംസകളും നേരുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക്, ശ്രീ മോഹന്‍ ഭഗവത്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ശ്രീ നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ചരിത്രപ്രസിദ്ധമായ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ രാജ്യത്തെ എല്ലാ പ്രധാന ആത്മീയ, മത വിഭാഗങ്ങളുടെയും പ്രതിനിധികളും വിവിധ ഗോത്ര സമുദായ പ്രതിനിധികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുത്തു.പരമ്പരാഗത നാഗര ശൈലിയിലാണ് അതിമനോഹരമായ ശ്രീരാമ ജന്മഭൂമി മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. അതിന്റെ നീളം (കിഴക്ക്-പടിഞ്ഞാറ്) 380 അടിയാണ്; വീതി 250 അടി, ഉയരം 161 അടി; കൂടാതെ 44 വാതിലുകളും 392 തൂണുകളുടെ താങ്ങുമുണ്ട്. ക്ഷേത്രത്തിന്റെ തൂണുകളും ഭിത്തികളും ഹൈന്ദവ ആരാധനാമൂര്‍ത്തികളുടെയും ദേവന്മാരുടെയും ദേവതകളുടെയും ചിത്രീകരണങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. താഴത്തെ നിലയിലെ പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യകാല രൂപം (ശ്രീ രാംലല്ലയുടെ വിഗ്രഹം) സ്ഥാപിച്ചിട്ടുണ്ട്.

മന്ദിറിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന കവാടം സിംഗ് ദ്വാരിലൂടെ 32 പടികള്‍ കയറിയാല്‍ എത്തിച്ചേരാം. മന്ദിരത്തിൽ അഞ്ച് മണ്ഡപങ്ങള്‍ (ഹാളുകള്‍) ഉണ്ട് – നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന മണ്ഡപം, കീര്‍ത്തന മണ്ഡപം. മന്ദിരത്തിനു സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപരമായ ഒരു കിണര്‍ (സീത കിണര്‍) ഉണ്ട്. മന്ദിര സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്, കുബേര തിലയില്‍, ഭഗവാന്‍ ശിവന്റെ പുരാതന മന്ദിരം പുനഃസ്ഥാപിച്ചു, ഒപ്പം ജടായു പ്രതിമ സ്ഥാപിക്കുകയും ചെയ്തു.

മന്ദിരത്തിന്റ അടിത്തറ 14 മീറ്റര്‍ കട്ടിയുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ (ആര്‍സിസി) പാളി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്; ഇതിന് കൃത്രിമ പാറയുടെ രൂപം നല്‍കുന്നു. മന്ദിരത്തില്‍ ഒരിടത്തും ഇരുമ്പ് ഉപയോഗിക്കുന്നില്ല. ഭൂമിയിലെ ഈര്‍പ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിര്‍മിച്ചിട്ടുണ്ട്. മന്ദിര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്‌നി സുരക്ഷ ജലവിതരണ പ്ലാന്റ്, ഒരു സ്വതന്ത്ര വൈദ്യുതി നിലയം എന്നിവയുണ്ട്. രാജ്യത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here