കൊട്ടാരക്കര: ഗതാഗത മന്ത്രിയുടെ നാട്ടിൽ, അദ്ദേഹത്തിന്റെ പിതാവും മുൻ ഗതാഗതമന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള എംഎൽഎ ജംഗ്ഷനിലെ സ്റ്റോപ്പിൽ കൈകാണിച്ചിട്ടും നിറുത്താതെ പോയ സൂപ്പർഫാസ്റ്റ് ഡ്രൈവറെ ഇമ്പോസിഷൻ എഴുതിച്ച് യാത്രക്കാരൻ. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് ഇമ്പോസിഷൻ എഴുതി പരാതിയിൽ നിന്ന് രക്ഷപ്പെട്ടത്. എറണാകുളം ജില്ലക്കാരനായിരുന്നു ഡ്രൈവർ.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വാളകം എംഎൽഎ ജംഗ്ഷനിലെ ബസ്‌സ്റ്റോപ്പിൽ നിന്ന യാത്രക്കാരൻ കോട്ടയത്തേക്കുള്ള സൂപ്പർഫാസ്റ്റിന് കൈകാണിച്ചു. എന്നാൽ തിരക്കില്ലാതിരുന്നിട്ടും കൈകാണിച്ചയാളെ കണ്ടഭാവംപോലും നടിക്കാതെ ഡ്രൈവർ വണ്ടി വിട്ടുപോയി. ഉടൻതന്നെ യാത്രക്കാരൻ ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ ബന്ധപ്പെട്ട ഡിപ്പോയിലേക്ക് വിളിച്ചു. രാത്രിയോടെ യാത്രക്കാരനെ ഡ്രൈവർ തിരികെ വിളിച്ചു. ഒരാഴ്ച മുമ്പ് എറണാകുളം ഡിപ്പോയിൽ നിന്ന് എത്തിയതാണെന്നും വാളകത്ത് സ്റ്റോപ്പുള്ള കാര്യം അറിയില്ലെന്നുമായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ പോകുന്ന റൂട്ടിലെ സ്റ്റോപ്പുകൾ ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ടതല്ലേ എന്ന് യാത്രക്കാരൻ ചോദിച്ചതോടെ അയാളുടെ ഉത്തരംമുട്ടി. യാത്രക്കാരൻ പരാതി നൽകും എന്ന് ബോദ്ധ്യപ്പെട്ടതോടെ അത് ഒഴിവാക്കാനുള്ള ശ്രമമായി പിന്നെ.പരാതി ഒഴിവാക്കാൻ എന്തുവേണമെന്നായി ഡ്രൈവർ. ചെറിയൊരു പണികൊടുക്കാൻ തീരുമാനിച്ച യാത്രക്കാരൻ വാളകം എംഎൽഎ ജംഗ്ഷനിൽ സൂപ്പർഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് അമ്പത് പ്രാവശ്യം വൃത്തിയായി ഇമ്പോസിഷൻ എഴുതിയാൽ പരാതി ഒഴിവാക്കാമെന്ന് അറിയിച്ചു. എഴുതിയത് വാട്സാപ്പിൽ ഇടാനും ആവശ്യപ്പെട്ടു. അധികം വൈകാതെന്നെ ഇമ്പോസിഷൻ വാട്സാപ്പിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here