തിരുവനന്തപുരം :ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന് ധന വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയിൽ കിട്ടുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേയ്ക്ക് തന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാർഗമാണ്. അതിനാൽ തന്നെ ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ  കൂടുതൽ ശക്തപ്പെടുത്തും. പൊതു സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനുമെന്ന നിലയിൽ സമ്മാനമെന്നതിനപ്പുറം ചാരിറ്റിയായും ലോട്ടറിയെടുക്കുന്ന നില കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോട്ടറി സമ്മാനത്തുകയും സമ്മാനങ്ങളും വർധിപ്പിക്കണമെന്ന  നിരവധി  അഭ്യർഥനകൾ സർക്കാരിന് മുന്നിലെത്തിയിരുന്നു. ലോട്ടറി തൊഴിലാളികളുടെയും ഏജന്റുമാരുടെയും ഇത്തരം അഭ്യർഥനകളും സർക്കാർ അനുഭാവത്തോടെ സ്വീകരിച്ച് സമ്മാനങ്ങൾ വധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ സമ്മാനഘടനയിൽ വലിയ വർദ്ധനവ് വരുത്തിയാണ് ഇത്തവണത്തെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയത്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയർത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുൻ വർഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്ക് ആകെ 20 കോടിയാണ് രണ്ടാം സമ്മാനമായും നൽകുന്നത്. ഇതോടെ 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പർ 21 കോടീശ്വരൻമാരെയാണ് സൃഷ്ടിക്കുന്നത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും  മൂന്നു വീതം ആകെ 30 പേർക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ  വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് വീതം ആകെ 20 പേർക്കും നൽകുന്നു.  ഇവയ്ക്ക് പുറമെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.  ലഭിക്കുന്ന സമ്മാനത്തുക ഫലപ്രദമായി എത്തരത്തിൽ വിനിയോഗിക്കാം എന്നത് സംബന്ധിച്ച്  ഭാഗ്യക്കുറി ജേതാക്കൾക്ക് ലോട്ടറി വകുപ്പു വഴി പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായർക്ക് നൽകി മന്ത്രി കെ.എൻബാലഗോപാൽ പ്രകാശനം ചെയ്തു. സമ്മർ ബമ്പർ ഭാഗ്യക്കുറിയും ആകർഷകമായ സമ്മാനഘടനയുമാണെത്തുന്നത്. ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ് നറുക്കെടുപ്പ് 2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരുന്നു.  നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ മായാ എൻ. പിള്ള, രാജ് കപൂർ എന്നിവരും സന്നിഹിതരായിരുന്നു. 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ധന വകുപ്പു മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. രണ്ടാം സമ്മാനത്തിന്റെ ആദ്യ രണ്ടു നറക്കെടുപ്പുകൾ യഥാക്രമം ആന്റണി രാജു എംഎൽഎ, സോനാ നായർ എന്നിവരും നിർവഹിച്ചു. XC 224091 (പാലക്കാട്) എന്ന നമ്പരാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായത്.

LEAVE A REPLY

Please enter your comment!
Please enter your name here