വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പകല്‍ സമയം പുറത്തിറങ്ങാന്‍ പ്രയാസമാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ വെന്തുരുകുകയാണ്. ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി.’റിയോണ്‍ പോക്കറ്റ് 5′ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ ‘സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്’ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം.ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.

ഇത് കൂടാതെ റിയോണ്‍ പോക്കറ്റ് ആപ്പിന്റെ സഹായത്തോടെ മാന്വലായും ഉപകരണം നിങ്ങള്‍ക്ക് ക്രമീകരിക്കാനാവും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്. 17 മണിക്കൂര്‍ നേരമാണ് ബാറ്ററി ദൈര്‍ഘ്യം.2019 ലാണ് റിയോണ്‍ പോക്കറ്റ് ഉപകരണം സോണി ആദ്യം അവതരിപ്പിച്ചത്. ഏഷ്യന്‍ വിപണികളില്‍ ഇതിന് വലിയ സ്വീകാര്യത നേടാനായിട്ടുണ്ട്.ആഗോള വിപണി ലക്ഷ്യമിട്ടാണ് റിയോണ്‍ പോക്കറ്റ് 5 സോണി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ യുകെ വിപണിയില്‍ അത് ലഭ്യമാണ്. ഇന്ത്യയില്‍ എത്തിയിട്ടില്ല. യുകെയില്‍ 139 പൗണ്ട് ആണ് ഇതിന് വില. രൂപയില്‍ ഇത് 14500 രൂപയോളം വരും.


LEAVE A REPLY

Please enter your comment!
Please enter your name here