കാസറഗോഡ്:ഉയരങ്ങൾ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെ സ്മാർട്ട്ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കാസറഗോഡ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ 80 ശതമാനത്തിലധികം ക്ലാസുകൾ പൂർത്തിയാക്കി. 101272 പേർ പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടി.ജില്ലയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന 30നും 60നും ഇടയിൽ പ്രായമുള്ളവർക്ക് ഇമെയിൽ ഐ.ഡി, സ്വകാര്യതയും സുരക്ഷയും, ബില്ല് അടവുകളും ഇടപാടുകളും, ക്യൂ.ആർ കോഡ് സ്‌കാനിംഗ്, ഗൂഗിൾ പേ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ, സർക്കാർ ഇ-സേവനങ്ങൾ, ഡിജിറ്റൽ ലോക്കർ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയുടെ പ്രായോഗികമായ പാഠങ്ങളും ഒപ്പം തിയറി ക്ലാസുകളും പദ്ധതിയിലൂടെ നൽകിവരികയാണ്. 20 മുതൽ 30 വരെ പഠിതാക്കളുള്ള ക്ലാസിൽ ഒരു ദിവസം രണ്ട് മണിക്കൂർ വീതം അഞ്ച് ദിവസം പത്തുമണിക്കൂർ ക്ലാസ് നൽകി. ഓരോ വാർഡിലെയും വാർഡ് മെമ്പർമാരും 900 ത്തോളം സന്നദ്ധ അധ്യാപകരായ ഡിജി ബ്രിഗേഡുമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.ഒരു വാർഡിൽ 5 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടെ 3700 ക്ലാസുകൾ ഇതുവരെ നടന്നു കഴിഞ്ഞു. കൈറ്റിന്റെ നേതൃത്വത്തിൽ വിദഗ്ധരായ ആർ.പിമാരാണ് ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം നൽകിയത്. ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ കേന്ദ്രീകരിച്ച് ഇവാലുവേഷൻ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. ഐ.ടി. മിഷൻ, കൈറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലന മാർഗരേഖ തയ്യാറാക്കിയത്. ലൈബ്രറി കൗൺസിലിന്റെയും നവകേരള മിഷന്റെയും പിന്തുണയും പദ്ധതിക്കുണ്ട്.ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനംജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം ഫെബ്രുവരി അവസാന വാരം നടത്താനാണ് ജില്ലാതല സംഘാടകസമിതിയുടെ തീരുമാനം. ജില്ലാതല പ്രഖ്യാപനത്തോടുകൂടി കാസർകോട് ജില്ല ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സാക്ഷരത പൂർത്തീകരിക്കുന്ന ജില്ലയായി മാറും. ജില്ലാതല പ്രഖ്യാപനത്തിന് മുമ്പ് പഞ്ചായത്തുതല പ്രഖ്യാപനവും നടത്തും. ജില്ലയിൽ ആദ്യത്തെ ഡിജിറ്റൽ പഞ്ചായത്തായി അജാനൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിജിറ്റൽ സാക്ഷരതയുടെ വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ പഠിതാക്കൾക്കും നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here