തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിക്കുന്നതാണ്. ബോർഡുകൾക്കായി സൃഷ്ടിച്ച തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് വരെ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി/ആരോഗ്യ വകുപ്പ്/ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവടങ്ങളിലെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. മെന്റൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്റ്റ് പ്രകാരം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 5 മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഈ റിവ്യൂ ബോർഡുകളിൽ ചെയർപേഴ്സൺമാരെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്തും റിവ്യൂ ബോർഡുകളിലേക്ക് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചും ഉത്തരവായിട്ടുണ്ട്. വ്യക്തികൾക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നൽകുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകൾ സ്ഥാപിക്കുന്നത്.

മാനസിക രോഗിയായ ഒരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷൽ സംവിധാനമാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്. ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കിൽ നിയമപ്രകാരമുളള അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുമായുളള സന്ദർഭങ്ങളിൽ മാനസിക രോഗമുളള ഏതൊരു വ്യക്തിക്കും അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിക്കോ അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത സർക്കാർ ഇതര സംഘടനയുടെ പ്രതിനിധിയ്ക്കോ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്ന പരിഹാരത്തിനായി ബോർഡിനെ സമീപിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here