കൊച്ചി: മിഷൻ ബേലൂർ മഗ്നയ്‌ക്ക് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം നൽകി ഹൈക്കോടതി. ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരുന്നതാവും നല്ലതെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ നേരത്തേ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിന്റെ സിറ്റിംഗിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ ഹൈക്കോടതി പറഞ്ഞത്.

അതിർത്തി സംബന്ധിച്ച് വലിയ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അതിർത്തിക്ക് സമീപമുള്ള കർണാടക പ്രദേശങ്ങളിൽ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ ആനയെ മയക്കുവെടി വച്ച് പിടികൂടിയാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഇക്കാര്യത്തിൽ സംയുക്തമായ ഓപ്പറേഷനാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള, തമിഴ്‌നാട്, കർണാടക സർക്കാരുകൾ ചേർന്ന് ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. ആവശ്യമെങ്കിൽ അടിയന്തര തീരുമാനങ്ങൾ എടുക്കാമെന്നും കോടതി വ്യക്തമാക്കി. എത്രയും വേഗം അനുമതി നേടി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ നിലവിലുള്ള വേലികൾ, തടയണകൾ, കുടിവെള്ളത്തിനുള്ള താൽക്കാലിക സംവിധാനങ്ങൾ തുടങ്ങിയവ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി സത്യവാംഗ്മൂലമായി ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. അതിന് മുമ്പ് യോഗം നടത്തി തീരുമാനങ്ങൾ എന്തൊക്കെയാണെന്നും പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും കൃത്യമായ ധാരണയുണ്ടാക്കി റിപ്പോർട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here