മാനന്തവാടി: മിഷന്‍ മഖ്‌ന വിജയത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ഷകനെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാനായി പുറപ്പെട്ട ദൗത്യസംഘം ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയതായാണ് വിവരം. ആനയെ വളഞ്ഞ് സംഘം ഉടന്‍ മയക്കുവെടി വയ്ക്കും. നാല് കുങ്കി ആനകളും സജ്ജരാണ്. മണ്ണുണ്ടി കോളനിക്ക് സമീപമുള്ള വനത്തില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്.

200 അംഗദൗത്യസംഘം വനത്തില്‍ തുടരുകയാണ്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉച്ചയോടെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. രണ്ട് സിസിഎഫുമാര്‍ മാത്രമാണ് വനത്തിന് പുറത്തുള്ളത്. വൈകുന്നേരത്തിനുള്ളില്‍ ആനയെ മയക്കുവെടിവയ്ക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.

മറ്റ് ജില്ലകളില്‍ നിന്നുള്ള വനംവകുപ്പ് ജീവനക്കാരെയും മിഷന്‍ മഖ്‌നയ്ക്ക് വേണ്ടി എത്തിച്ചിരുന്നു. റവന്യു, പോലീസ് സന്നാഹങ്ങള്‍ വനത്തിന് പുറത്ത് സജ്ജരായി നില്‍ക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരംവരെ മണ്ണുണ്ടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. കാട്ടില്‍വെച്ച് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here