കോട്ടയം: തിരുവാതുക്കലിൽ വീട്ടിലെ പശുത്തൊഴുത്തിൽനിന്ന്‌ 52 മൂർഖൻ കുഞ്ഞുങ്ങളെ ഒന്നിച്ച് കണ്ടെത്തി. 47 എണ്ണത്തെ ജീവനോടെയും അഞ്ചെണ്ണത്തെ ചത്തനിലയിലുമാണ് കണ്ടത്. ഞായറാഴ്‌ച രാവിലെ കോട്ടയം തിരുവാതുക്കൽ വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻനായരുടെ പുരയിടത്തിലാണ് സംഭവം. 

ശനിയാഴ്ച വൈകിട്ടാണ് തിരുവാതുക്കലിലെ വീട്ടിൽനിന്ന്‌ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടതായി ജില്ലാ സ്‍നേക്ക് റസ്‌ക്യൂ സംഘത്തിന് വിളിയെത്തുന്നത്. വീടിന്റെ പിന്നിലെ തൊഴുത്തിൽ പാമ്പിനെ കണ്ടെന്നായിരുന്നു സംശയം. തുടർന്ന് സ്‌നേക്ക് റസ്‌ക്യൂ സംഘം ഞായറാഴ്ച രാവിലെ സ്ഥലത്തെത്തി. ഇതിനോടകം കുടുംബാംഗങ്ങൾ ജെസിബി ഉപയോഗിച്ച് തറ പൊളിച്ചു. ഇത്തരത്തിൽ തറ പൊളിക്കുന്നതിനിടെയാണ് അഞ്ച് കുഞ്ഞുങ്ങൾ ചത്തത്. തുടർന്ന് നടത്തിയ പരിശോധയിൽ മൂർഖൻ കുഞ്ഞുങ്ങളെയും തള്ള മൂർഖനെയും തറയ്ക്കടിയിൽനിന്ന് കണ്ടെത്തി. കേരളത്തിൽ ആദ്യമായാണ് ഒരിടത്തുനിന്ന്‌ 52 മൂർഖൻ കുഞ്ഞുങ്ങളെ ഒരുമിച്ച് കണ്ടെത്തുന്നത്. 

പാമ്പിൻ മുട്ടകൾ വിരിയുന്ന പ്രായമായതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലരുതെന്നും വനംവകുപ്പിന്റെ സർപ്പ റെസ്‌ക്യു ടീമിൽ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു. മൂർഖൻകുഞ്ഞുങ്ങളെ രണ്ട്‌ ദിവസം പാറമ്പുഴ വനംവകുപ്പിന്റെ ഓഫീസിൽ സൂക്ഷിക്കും. തുടർന്ന്‌ അതിന്റെ ആവാസ കേന്ദ്രത്തിലേക്ക്‌ കയറ്റിവിടുമെന്ന്‌ അധികൃതർ പറഞ്ഞു.2021 ഫെബ്രുവരി 18 ന് ആലപ്പുഴ പുത്തനങ്ങാടിയിൽനിന്ന്‌ 1.5 മീറ്റർ നീളമുള്ള മൂർഖനെയും 45 മുട്ടകളും കണ്ടെത്തിയിരുന്നു. ഇതായിരുന്നു നിലവിൽ ഇതുവരെയുള്ള സംസ്ഥാന  റെക്കോഡ്. 

LEAVE A REPLY

Please enter your comment!
Please enter your name here