ഊട്ടിക്കുപോകുന്നവര്‍ ജാഗ്രതൈ. പകല്‍നേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെല്‍ഷ്യസ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയര്‍ന്ന താപനില. കൊടൈക്കനാലില്‍ തിങ്കളാഴ്ചത്തെ താപനില 26 കടന്നു.സാധാരണ ഈ കാലയളവില്‍ ഊട്ടിയില്‍ 20 മുതല്‍ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാലിക്കുറി കണക്കുകൂട്ടലാകെ പിഴച്ചു. എന്നാല്‍ രാത്രി 12 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇത് സഞ്ചാരികള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാത്രി മൂടിപ്പുതച്ചുതന്നെ കിടക്കാം. ഊട്ടി പുഷ്പോത്സവം മേയ് 10 മുതല്‍ 20 വരെയാണ്. ഇതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികള്‍ കൂടും. മേയ് ഒന്നുമുതല്‍ തിരക്ക് നിയന്ത്രിക്കാനായി ഊട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചൂട് കൂടിയെങ്കിലും വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഊട്ടി തടാകത്തിനടുത്തുള്ള ലോഡ്ജിലെ മാനേജര്‍ ഫക്രുദ്ദീന്‍ പറഞ്ഞു. നിലവില്‍ സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. പുഷ്‌പോത്സവം തുടങ്ങുന്നതോടെ ഇനിയും കൂടും. ലോഡ്ജുകള്‍ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്ക് ഈടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here