റോബോട്ടിക്‌സ് ഏറെ ദൂരം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഈ മേഖലയില്‍ വലിയ പുരോഗതി ഉണ്ടാക്കിയ കമ്പനിയാണ് ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്ന യുഎസ് കമ്പനി. ബോസ്റ്റണ്‍ ഡൈനാമിക്‌സ് അവതരിപ്പിച്ച റോബോട്ടുകള്‍ ഇതിനകം ലോകത്തെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ വീഡിയോയും വൈറലാവുകയാണ്.ബോസ്റ്റണ്‍ ഡൈനാമിക്‌സ് വികസിപ്പിച്ച സ്പാര്‍ക്കിള്‍സ് എന്ന റോബോട്ട് നായ സ്‌പോട്ട് എന്ന മറ്റൊരു റോബോട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് കമ്പനി പുറത്തുവിട്ടത്. മേയ് 29 അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചത്. കിടിലന്‍ നൃത്തച്ചുവടുകള്‍ വെക്കുന്ന റോബോട്ടുകള്‍ അത്ഭുതത്തിനൊപ്പം ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കും ഇടയാക്കിയിരിക്കുകയാണ്.

അറ്റ്‌ലസ് എന്ന ഹ്യൂമനോയ്ഡ് റോബോട്ട് ഉള്‍പ്പടെ മികച്ച രീതിയില്‍ നടക്കാനും ഓടാനും ചാടാനുമെല്ലാം സാധിക്കുന്ന റോബോട്ടുകള്‍ ബോസ്റ്റണ്‍ ഡൈനാമിക്‌സ് അവതരിപ്പിച്ചിട്ടുണ്ട്. 2022 ല്‍ കമ്പനിയെ ഹ്യൂണ്ടായ് ഏറ്റെടുത്തിരുന്നു.

നീല നിറത്തില്‍ ഒരു നായയുടെ രൂപത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്പാര്‍ക്കിള്‍ വീഡിയോയിലുള്ളത്. സ്‌പോട്ടിന് മേല്‍ വസ്ത്രങ്ങള്‍ ഒന്നുമില്ല. ഒരാള്‍ മറ്റൊരാളെ ചുവടുകള്‍ പഠിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ വീഡിയോ കണ്ട് ഭയം തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് വീഡിയോ ഏറെ ഇഷ്ടമായി. പലരും സോഷ്യല്‍ മീഡിയയില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.ബോസ്റ്റണ്‍ ഡൈനാമിക്‌സ് അവതരിപ്പിച്ച രണ്ടാമത്തെ റോബോട്ട് നായയാണ് സ്പാര്‍ക്കിള്‍സ്. 2016 ല്‍ അവതരിപ്പിച്ച സ്‌പോട്ട് അന്ന് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here