തിരുവനന്തപുരം: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പൂർത്തിയാക്കും. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.ജി.ഗോപ് ചന്ദ്ര, അഡ്വ.ജി.മുരളീധരൻ,​​ ആർ.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഇതിന് ശേഷമായിരിക്കും നിലവിലുള്ള സർവകലാശാല യൂണിയന്റെ കാലാവധി രണ്ട് മാസം നീട്ടിനൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

സമാപന സമ്മേളന ദിവസം തന്നെ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസി നിർദേശം നൽകിയിരുന്നു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ വലിയ രീതിയിൽ പ്രതിഷേധിച്ചു. തുടർന്നാണ് സിൻഡിക്കേറ്റ് യോഗം കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here