തിരുവനന്തപുരം: കോവി​ഡിനെതിരായ കോവിഷീൽഡ് വാക്സിൻ അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന നിർമാതാക്കളായ ആസ്ട്രസെനെക കോടതിയില്‍ മൊഴി നൽകിയതിൽ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ.1796ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നിട്ടും വാക്സിൻ വിരുദ്ധർ ഇടക്കിടെ അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഇവരെ പിന്തുണക്കുന്നവരാണ് പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടു​​ണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ കോവിഡ് വാക്സിൻ എടുത്ത കാര്യവും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.‘നേട്ട-കോട്ട വിശകലനം നടത്തി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയും കോവിഷീൽഡിന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ അപകടസാധ്യത വളരെ അപൂർവമാണെന്ന് ‌റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ്‌ വന്നിരിക്കാൻ സാധ്യതയുണ്ട്‌. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ്‌ ബാധിക്കാം. അതുകൊണ്ട്‌ രോഗലക്ഷണങ്ങൾ കണ്ടാൽ അത്‌ വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്’ -ഡോ. ബി. ഇക്ബാൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here