കൊച്ചി: തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ച് എം. സ്വരാജാണ് ബാബുവിനെതിരെ 2021 ജൂണിൽ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ജി. അജിത് കുമാറിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹരജിയിൽ വിധി വരുന്നത്. വിധിയിൽ സന്തോഷമുണ്ടെന്ന് ബാബു പ്രതികരിച്ചു.

വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം സ്വരാജ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ തോൽക്കുന്നത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞ് ബാബു മണ്ഡലത്തിൽ പര്യടനം നടത്തിയതായും പരാതിയിലുണ്ട്. അതിനാൽ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കെതിരെ ബാബു നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിനെ കെ. ബാബു പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് പരാജയപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here