തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക്‌ 100 കോടി കൂടി അനുവദിച്ച് സർക്കാർ. മാസാദ്യം 150 കോടി രൂപ കൂടി നൽകിയിരുന്നു. ഫെബ്രുവരിയിലും 100 കോടി രൂപ നൽകി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2,795 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്‌.സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബത്തിന്‌ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ പദ്ധതിയിൽ ഉറപ്പാക്കുന്നു. 41.96 ലക്ഷം കുടുംബങ്ങള്‍ കാസ്‌പിൽ ഉൾപ്പെടുന്നു. ഇവർക്ക്‌ സര്‍ക്കാര്‍, എം പാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ സൗകര്യമുണ്ട്‌. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടാത്തതും വാര്‍ഷിക വരുമാനം മുന്നു ലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങൾക്ക്‌ കാരുണ്യ ബെനവലന്‍റ് ഫണ്ട് സൗജന്യ ചികിത്സ സ്‌കീമുമുണ്ട്‌.കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന്‌ അർഹതയുണ്ട്‌. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്‌. അറുനൂറിലേറെ ആശുപത്രികളിലാണ്‌ കാസ്‌പ്‌ ചികിത്സ സൗകര്യമുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here