മാനന്തവാടി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. രംഗം ശാന്തമായ ശേഷം ചർച്ച നടത്തും. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആനയെ മയക്കുവെടി വയ്ക്കുകയാണ് ഏക പോംവഴി. ഈ  സാഹചര്യം  കോടതിയെ അറിയിക്കും. മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി  അറിയിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും പ്രദേശത്ത്  പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

പടമല ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഇന്ന് രാവിലെ അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലര  മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആനയെ കണ്ട് രക്ഷപ്പെടാനായി കണ്ടത്തിൽ ജോമോന്റെ വീട്ടിന്റെ മുറ്റത്തേക്ക്  ചാടിക്കയറിയ അജിഷിന് പിന്നാലെയെത്തിയ ആന ചവിട്ടികൊല്ലുകയായിരുന്നു.  വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ചാണ് ആന കയറിയത്. ഉടനെ  അജീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആനയുടെ ആക്രമണത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശവാസികൾ മൃതദേഹവുമായി തെരുവിൽ  പ്രതിഷേധിക്കുയാണ്. വായനാട് എസ് പി ടി നാരായണനേയും കലക്ടർ രേണുരാജിനേയും വഴിയിൽ തടഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here