തിരുവനന്തപുരം: ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ മഴ മുന്നറിയിപ്പും കടൽക്ഷോഭ സാധ്യതകളും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. പാലക്കാടിന് തുടർച്ചയായി നാലാംദിവസവും ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശരാശരിയിലും മൂന്നര ഡിഗ്രിയിലേറെ ചൂട് നിലനിൽക്കുന്നതിനാൽ പല ജില്ലകളിലും അതിജാഗ്രത വേണ്ട സാഹചര്യമാണിപ്പോൾ. ആലപ്പുഴയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും താപനില ശരാശരിയിൽനിന്ന് 4.6 ഡിഗ്രിവരെ ഉയർന്നുനിൽക്കുകയാണിവിടെ. ചൊവ്വാഴ്ചയും ഇതേനില തുടർന്നാൽ ഇവിടെയും ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടിവരും. എന്നാൽ ആലപ്പുഴയിൽ പല സ്ഥലത്തും നേരിയതോതിൽ മഴ പെയ്യുന്നതിനാൽ സാഹചര്യം മാറാനും ഇടയുണ്ട്. ഉഷ്ണതരംഗത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാടിന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേയ് രണ്ടുവരെ മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നും ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. കായികമേളകൾ, മത്സരങ്ങൾ, വേനലവധിക്കാല ക്യാമ്പുകൾ എന്നിവയെല്ലാം മേയ് രണ്ടുവരെ നിർത്തിവെക്കാനും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here