തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here