തിരുവനന്തപുരം : ‘ആകാശവാണി തിരുവനന്തപുരം…’ – മലയാളിയുടെ സാംസ്‌കാരിക, സാമൂഹിക ജീവിതത്തിന്റെ ഗതിനിർണയിച്ച ആ ശബ്‌ദം മുഴങ്ങിത്തുടങ്ങിയിട്ട്‌ 75 വർഷം. ആകാശവാണി തിരുവനന്തപുരം നിലയം ആരംഭിച്ചിട്ട്‌ തിങ്കളാഴ്‌ച 75 വർഷം പൂർത്തിയാകുന്നു. മലയാളി ശബ്‌ദത്തിലൂടെ ലോകത്തെ അറിഞ്ഞ കാലമായിരുന്നു അത്‌. വാർത്തയും സംഗീതവും നാടകവും കൃഷിയും ആരോഗ്യവും സിനിമയും തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തിൽ സജീവ ശബ്‌ദസാന്നിധ്യമാണ്‌ ആകാശവാണി ഇന്നും. 

കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ ഒന്നിനാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി പി എസ് നായരായിരുന്നു ആദ്യ ഡയറക്‌ടർ. പ്രശസ്‌തരായ നിരവധി എഴുത്തുകാരും കലാകാരൻമാരും തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. കൂട്ടുകാരി, ഹലോ ആകാശവാണി, പ്രഭാതഭേരി, കുട്ടികൾക്കായി ബാലലോകം, യുവവാണി, പ്രകാശധാര, ലിറ്റററി ഗുരു, ഇതാ ഒരു ചോദ്യം, നോവൽ വായന, നാടകങ്ങൾ എന്നീ പരിപാടികൾ ഇന്നും ശ്രോതാക്കൾക്ക്‌ പ്രിയപ്പെട്ടതാണ്‌. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്‌മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്എം എന്നീ എഫ്എം. നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും. 

LEAVE A REPLY

Please enter your comment!
Please enter your name here