തിരുവനന്തപുരം :ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ആരോഗ്യ വകുപ്പിൻ്റെ സർക്കുലർ ഭരണഘടന ആർട്ടിക്കിൾ 19 (1) A പ്രകാരം ഒരു പൗരന് ഉറപ്പ് നൽകുന്ന സംസാരത്തിനും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി കെ.ജി.എം.ഒ.എ വിലയിരുത്തുന്നു. ആരോഗ്യ രംഗത്തെ അബദ്ധജടിലവും അശാസ്ത്രീയവുമായ പ്രചരണങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും ശാസ്ത്രീയതയിൽ ഊന്നിയ വിജ്ഞാനം പകർന്നു നൽകുന്നതിനും സർവ്വോപരി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സർക്കാർ ജീവനക്കാർ അടക്കമുള്ള നിരവധി ആരോഗ്യ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരം അങ്ങേയറ്റം പ്രതിലോമകരമായ ഒരു ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത് എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രോഗീ ചികിത്സയ്ക്കായുള്ള ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഇ സഞ്ജീവനി ഉൾപ്പെടെ സർവ്വീസ് കാര്യങ്ങൾക്കായി നിരന്തരം വിവരസാങ്കേതികവിദ്യയുടെ വിവിധ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സർക്കുലറുകൾ നമ്മെ നൂറ്റാണ്ടുകൾ പുറകോട്ട് നയിക്കും. 1960 ലെ പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥാപിത മാർഗങ്ങൾ ആരോഗ്യ വകുപ്പിന് ഉണ്ടെന്നിരിക്കേ ഇത്തരത്തിൽ എടുത്തു ചാടിയുള്ള ഉത്തരവുകൾ എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതിന് തുല്യമാണ്. ഈ കരിനിയമം എത്രയും വേഗം പിൻവലിക്കണമെന്നും ആധുനിക കാലഘട്ടത്തിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും കെ.ജി.എം.ഒ.എ ഡോ.സുരേഷ്.ടി.എൻ പ്രസിഡൻ്റ്  ഡോ. സുനിൽ. പി.കെ ജനറൽ സെക്രട്ടറി എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

LEAVE A REPLY

Please enter your comment!
Please enter your name here