രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് സാധിക്കും.

പേപ്പറില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ആന്‍ഡ്രോയിഡ് ജിഎമ്മും ഇന്ത്യ എഞ്ചിനീയറിങ് ലീഡുമായ റാം പപാറ്റ്‌ല പറഞ്ഞു. പിവിആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും.

പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ഇന്ത്യയിലെ ഗൂഗിള്‍ വാലറ്റില്‍ ഉണ്ടാവില്ല. അതിനായി ഗൂഗിളിന്റെ ജി പേ ആപ്പ് ഇന്ത്യയില്‍ ലഭ്യമാണ്. ജിപേ ആപ്പ് വാലറ്റുമായി ലയിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി. പണമിടപാടുകളല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വാലറ്റ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇപ്പോള്‍ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ല. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും

2011 ല്‍ ഒരു പേമന്റ് ആപ്പ് എന്ന നിലയില്‍ ഗൂഗിള്‍ വാലറ്റ് അവതരിപ്പിച്ചത്. ടാപ് റ്റു പേ സംവിധാനത്തോടുകൂടിയുള്ളതായിരുന്നു ഇത്. എന്നാല്‍ 2015 ല്‍ ഗൂഗിള്‍ വാലറ്റിന് പകരമായി ആന്‍ഡ്രോയിഡ് പേ ആപ്പ് അവതരിപ്പിച്ചു. 2018 ല്‍ ഗൂഗിള്‍ വാലറ്റും ആന്‍ഡ്രോയിഡ് പേയും ലയിപ്പിച്ചാണ് ഗൂഗിള്‍ പേ ആരംഭിച്ചത്. കോണ്‍ടാക്റ്റ് ലെസ് പേമെന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.

ഇന്ത്യയില്‍ വില്‍ക്കുന്ന പിക്‌സല്‍ ഫോണുകളില്‍ വാലറ്റ് ആപ്പ് പ്രീലോഡ് ചെയ്ത് ലഭിക്കും. എളുപ്പം ഉപയോഗിക്കുന്നതിന് ലോക്ക് സ്‌ക്രീന്‍ ഷോര്‍ട് കട്ടായി വാലറ്റ് ഉള്‍പ്പെടുത്താനാവും. 97 ശതമാനം ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ വാലറ്റിന് കൂടുതല്‍ സ്വീകാര്യത നേടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here