ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പുറപ്പെടുവിച്ചത്.

കേസിലെ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് കൂടുതൽ വാദങ്ങൾക്കായി തീയതിയും നിശ്ചയിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും സമർപ്പിച്ച കേസുകളിൽ വിചാരണ കോടതി സ്ഥിരം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മെയ് മൂന്നിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

കസ്റ്റഡിയിൽ തുടരുന്നതിനിടെ, ഇ.ഡിക്ക് എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ആഴ്ചയിലൊരിക്കൽ സിസോദിയക്ക് ഭാര്യയെ കാണാൻ ജസ്റ്റിസ് കാന്ത അനുവാദം നൽകിയിരുന്നു. ഈ കേസിൽ മേയ് എട്ടിന് അടുത്ത വാദം കേൾക്കും.

ഏപ്രിൽ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായ ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ. 2023 മാർച്ച് 31നാണ് ആദ്യമായി അദ്ദേഹത്തിന്റെ ജാ​മ്യാപേക്ഷ തള്ളിയത്. ഏപ്രിൽ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here