പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന. 200-ഓളം പേരടങ്ങുന്ന പോലീസ് സേനയുടെ തിരച്ചിലിൽ കഞ്ചാവ്, എം.ഡി.എം.എ., ഹെറോയിൻ, നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ പിടികൂടി. 30 കേസുകൾ രജിസ്റ്റർ ചെയ്തു.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ പരിശോധന. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, ഇതരസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, ഇവരുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരവധിപേരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും പിടികൂടി.

പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വില്ക്കുന്ന സംഘത്തെയും പിടികൂടിയിട്ടുണ്ട്. വെങ്ങോലഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. കണ്ടെത്തി. എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി. മോഹിത് രാവത്ത്, എ.എസ്.പി. ട്രെയ്‌നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ. രാജേഷ്, കെ. ഷിജി, ഹണി കെ. ദാസ്, രാജേഷ് കുമാർ, വി.പി. സുധീഷ് ഉൾപ്പെടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here