മലപ്പുറം: 2018ലെ പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരക്കൽ ജൈസൽ (37) വീണ്ടും അറസ്റ്റിൽ.

മാർച്ച് 12ന് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം തട്ടിയ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ജൈസലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

താനൂർ തൂവൽ തീരം ബീച്ചിലിരുന്ന യുവാവിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് ജൈസൽ ആദ്യമായി അറസ്റ്റിലായത്. 2021 ഏപ്രിൽ 15നായിരുന്നു സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരുടെ ചിത്രങ്ങൾ എടുക്കുകയും ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് ഗൂഗ്ൾ പേ വഴി 5000 രൂപ നൽകിയതിന് ശേഷമാണ് ഇവരെ പോകാൻ അനുവദിച്ചത്. പിന്നീട് കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായതോടെയാണ് തിരുവനന്തപുരത്തെ ജയിലിലായത്. പ്രളയകാല രക്ഷാപ്രവർത്തനത്തിന്‍റെ പേരിൽ ജൈസിലിന് വീടും കാറുമെല്ലാം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here