കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വീട്ടിൽ വച്ച് വാങ്ങുന്നതിനിടെയാണ് പിടിയിലാവുന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് വിജിലൻസ് കൈക്കൂലി പണം പിടിച്ചെടുത്തത്. വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ കൈക്കൂലി പണം ചക്കിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നത് വിജിലൻസ് പരിശോധിച്ചു വരികയാണ്.

ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. അബ്ദുള്‍ ജലീല്‍ ഈയടുത്ത് ബ്ലോക്ക് ചെയ്തിരുന്നു. പരിശോധനയ്ക്ക് എത്തിയ സമയത്ത് കടയുടെ ഉടമ അവിടെ ഇല്ലായിരുന്നു എന്ന കാരണം പറഞ്ഞാണ് ജലീല്‍ സിസ്റ്റത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക് ചെയ്തത്.

ഐ.ഡി. വീണ്ടെടുത്ത് നല്‍കുന്നതിനായി പതിനായിരം രൂപ നല്‍കണമെന്നായിരുന്നു അബ്ദുള്‍ ജലീലിന്റെ ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന്‍ ഫിനോഫ്‌തെലിന്‍ പുരട്ടിയ നോട്ടുകളുമായി ജലീലിന്റെ വീട്ടിലെത്തിയത്.മഫ്തിയിലെത്തിയവരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ ഉടന്‍തന്നെ പണം അടുക്കളിയിലുണ്ടായിരുന്ന ചാക്കിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് വിജിലന്‍സ് പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here