കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ തന്നെയാണ് സമരം പുനരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖല ഐജി ഉറപ്പ് നൽകിയിരുന്നു. ഐജി ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ കമ്മീഷണർ ഓഫീസിന് മുന്നിലെ സമരം അതിജീവിത താത്ക്കാലികമായി അവസാനിപ്പിച്ചിരുന്നു.എന്നാൽ നടപടികൾ വൈകിയതോടെയാണ് അതിജീവിത സമരം വീണ്ടും പുനരാരംഭിച്ചത്. അതിജീവിതയുടെ പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാനും വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാനും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here