പത്തനംതിട്ട:വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും മനസ്സിലാക്കി മുന്നോട്ടു പോകണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം, ‘ലഹരിയും നിയമങ്ങളും അറിവിലേക്ക് ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സെന്റ് സിറില്‍സ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും അവയുടെ ശിക്ഷയെക്കുറിച്ചും മനസ്സിലാക്കാത്തതു മൂലമാണ് പുതുതലമുറ രാസലഹരിയിലേക്ക് വഴുതിപോകുന്നത്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിന് നിയമാവബോധം അത്യാവശ്യമാണ്. ഇതില്‍ ഉള്‍പ്പെട്ട് കുറ്റവാളികളാകുന്നവരുടെ ഭാവിജീവിതം വേദനാജനകമായിരിക്കും. ഇത് തിരിച്ചറിയാന്‍ പുതുതലമുറ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് മാനേജര്‍ ഡോ.സക്കറിയാസ് മാര്‍ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്‍ ചാര്‍ജ് രാജീവ് ബി നായര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ തരകന്‍, വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി.കെ. അനില്‍കുമാര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അന്‍ഷാദ്, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അയ്യൂബ് ഖാന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിനി കെ മാത്യു, കോളജ് വിമുക്തി കോ-ഓഡിനേറ്റര്‍ മോനിഷ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here