കാഞ്ഞിരപ്പള്ളി: മികച്ച വിദ്യാർഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എംഎൽഎ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരവും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡു വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കോർപ്പറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രഥമാധ്യാപകർ, സ്കൂൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.