തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ 28 ദിവസമായി നടന്ന ലോക്കോ പൈലറ്റുമാരുടെ അവകാശ സംരക്ഷണ സമരം പിൻവലിച്ചു. 46 മണിക്കൂർ പ്രതിവാര വിശ്രമസമയം അനുവദിക്കുക, 10 മണിക്കൂർ ഡ്യൂട്ടിയാക്കുക, തുടർച്ചയായുള്ള നൈറ്റ്‌ ഡ്യൂട്ടി രണ്ടായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷൻ നേതൃത്വത്തിലായിരുന്നു സമരം. ഈ ആവശ്യങ്ങൾ സ്വയം നടപ്പാക്കിയായിരുന്നു പ്രതിഷേധം. സമരം പൊളിക്കുന്നതിനായി ജീവനക്കാരെ സ്ഥലം മാറ്റുക, സസ്‌പെൻഡ്‌ ചെയ്യുക, ചാർജ്‌ മെമ്മോ കൊടുക്കുക തുടങ്ങിയ ശിക്ഷാനടപടി  സ്വീകരിച്ചിരുന്നു.  ദക്ഷിണ റെയിൽവേയിലെ  ആറ്‌ ഡിവിഷനുകളിലെ ലോക്കോ പൈലറ്റുമാരാണ്‌ ഈ മാസം ഒന്നുമുതൽ പ്രതിഷേധ സമരം ആരംഭിച്ചത്‌.

ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ, ജെ ബി മേത്തർ തുടങ്ങി എംപിമാർ അടങ്ങിയ സംഘത്തിന്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌  നൽകിയ ഉറപ്പിനെ തുടർന്നാണ്‌ തീരുമാനം. ശിക്ഷാനടപടികൾ ഒഴിവാക്കുമെന്നും ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ഇന്ന്മുതൽ പതിവുപോലെ ജോലിക്ക്‌ കയറും.

LEAVE A REPLY

Please enter your comment!
Please enter your name here