തിരുവനന്തപുരം : പ്പണ്‍ ഡബിള്‍ഡക്കര്‍ ബസില്‍ തിരുവനന്തപുരം നഗരം ചുറ്റിക്കാണുന്ന നഗരക്കാഴ്ചകള്‍ ഇലക്ട്രിക് ബസ് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വരെ നൂറ് രൂപയായിരുന്ന അപ്പര്‍ഡക്കിലെ ടിക്കറ്റ് ഇരുന്നൂറ് രൂപയായാണ് വര്‍ധിപ്പിച്ചത്. ടിക്കറ്റ് റിസര്‍വേഷന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് തലസ്ഥാന നഗരം ചുറ്റുന്ന നഗരക്കാഴ്ചകള്‍ സര്‍വീസ് ഇലക്ട്രിക്ക് ഡബിള്‍ ഡക്കര്‍ സര്‍വീസായി ആരംഭിച്ചത്. കിഴക്കേക്കോട്ട, സെക്രട്ടേറിയേറ്റ്, നിയമസഭ, മ്യൂസിയം, ശംഖുമുഖം, ലുലുമാള്‍, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ബസ് സര്‍വീസ് കുറഞ്ഞ നാള്‍ കൊണ്ടുതന്നെ ജനപ്രിയമായിരുന്നു. പുറമെ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളും വിദ്യാര്‍ഥികളും ഉള്‍പ്പടെ നിരവധിപേര്‍ ഈ സര്‍വീസിനായി എത്തിയിരുന്നു.

ഇതോടെയാണ് ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈന്‍ ആക്കാനും അപ്പര്‍ ഡക്കിലെ ടിക്കറ്റ് കൂട്ടാനും കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. ഇരു നിലകളിലുമായി 65 സീറ്റുകളാണ് ബസിലുള്ളത്. താഴത്തെ നിലയില്‍ നൂറ് രൂപ തന്നെയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും വൈകിട്ട് 3:00 മണി മുതല്‍ രാത്രി10:00 മണി വരെ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസുകള്‍ ലഭ്യമാണ്.

www.onlineksrtcswift. com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here