മൂത്തകുന്നം: കേരളത്തിലെ 478 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി മാറിയെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. 698 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിനാണ് ആകെ ഭരണാനുമതി നൽകിയിരുന്നത്. ഇതിൽ വലിയൊരു ശതമാനം പൂർത്തിയായെന്നും ജനകീയ മുന്നേറ്റമാണ് ഇതിലൂടെ സാധ്യമായതെന്നും മന്ത്രി പറഞ്ഞു. മൂത്തകുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കുന്ന പദ്ധതിയാണ് ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്നത്. ഈ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ആളുകളെയും ഭൂമിയുടെ ഉടമകൾ ആക്കുക എന്നതും എല്ലാ ഭൂമിക്കും രേഖ ഉണ്ടാക്കി കൊടുക്കുക എന്നതുമാണ് സർക്കാർ  മുന്നോട്ടു വെക്കുന്ന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 “എല്ലാവർക്കും ഭൂമി,എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന സർക്കാരിന്റെ പ്രതിജ്ഞാ വാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയിലാണ് മൂത്തകുന്നം സ്മാർട്ട് വില്ലേജ് നിർമ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനായി ഇവിടെ റാംപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ മുറി, ഫയൽ റൂം, ജീവനക്കാരുടെ മുറി, ശുചിമുറി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. 

മൂത്തകുന്നം തറയിൽ കവലയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീര വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, വടക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ് സന്തോഷ് കുമാർ, വാർഡ് മെമ്പർ ശ്രീദേവി സനോജ്, പറവൂർ ഭൂരേഖാ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ ഹരിത ഹരി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here