ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

കുടികളിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്‍പാകെ സമര്‍പ്പിക്കും. മറയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റിറിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ കുടികളിലെ നിവാസികള്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം അത്യാവശ്യ ഘട്ടങ്ങളില്‍ മൈലുകളോളം യാത്ര ചെയ്ത് അടിമാലിയിലെ ആശുപത്രിയില്‍ എത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനും ശിപാര്‍ശ നല്‍കും.

സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ പ്രയോജനം നല്ല നിലയില്‍ ഈ മേഖലയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് കുടികളില്‍ നല്ല ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്തണം.

മറയൂരില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പ്ലസ്ടു ക്ലാസുകളിലേക്ക് സീറ്റ് വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ നല്‍കും.  ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേക്കും ഗോത്രമേഖലയിലെ പെണ്‍കുട്ടികള്‍ക്ക് കൂടുതലായി എത്തിച്ചേരുന്നതിന് സാഹചര്യം ഒരുക്കണം.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ നിലവില്‍ രണ്ട് ഹോസ്റ്റലുകളാണുള്ളത്. ഈ ഹോസ്റ്റലുകളില്‍ സ്ഥല പരിമിതി മൂലം വിദ്യാര്‍ഥിനികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മെച്ചപ്പെട്ട സൗകര്യത്തോടെ പുതിയ ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് റവന്യു വകുപ്പില്‍ നിന്നും 50 സെന്റ് സ്ഥലം പട്ടികവര്‍ഗ വികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണമെന്നുള്ള ശിപാര്‍ശ കൂടി വനിതാ കമ്മിഷന്‍ നൽകുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എ. നജീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എം. ജോളി, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ഉഷ ഹെന്റി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മണികണ്ഠന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സത്യവതി പളനിസ്വാമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. വിജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കം പരമശിവം, അംബിക, വിജി ജോസഫ്, റോസ് മേരി, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, ഊരു നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here