ഇടുക്കി : ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ വാർഡ് 2,3,14 വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാർഡ് 2 പീരുമേട് പഞ്ചായത്തിലെ വാർഡ് 6, 11, 12 എന്നിവ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട് . ഹൈറിസ്‌ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് എന്നിവര്‍ അറിയിച്ചു.

രോഗപ്രതിരോധത്തിന് കൊതുകു വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കേണ്ടതുണ്ട്. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here