തിരുവനന്തപുരം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന് ഇതര സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐടി തകര്‍ന്നു പോകുമായിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയ ഐടി കമ്പനിക്കാര് സതീശന് 150 കോടി രൂപ നല്‍കിയെന്നാണ് അന്‍വര്‍ ഉന്നയിച്ചത്.
അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് -എം നേതാവ് എ.എച്ച്. ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.