കൊച്ചി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ ഉത്തരവിറക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. കേസ് ഏറ്റെടുക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തേ വിജ്ഞാപനം ഇറങ്ങാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു സി.ബി.ഐ യുടെ മറുപടിസിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐ എത്രയും വേഗം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ഒരു കേസ് സി.ബി.ഐ ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം, ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ സി.ബി.ഐയ്ക്ക് കേസന്വേഷണം ഏറ്റെടുക്കാനാവൂ എന്നാണ് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയത്.

കാലതാമസമുണ്ടായാല്‍ അത് പ്രതികള്‍ക്ക് ഗുണം ചെയ്യുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരാണ് ഉത്തരവ് ഇറക്കാന്‍ വൈകുന്നതിന് കാരണമെന്നും കോടതി ചോദിച്ചു. നേരത്തേ സംസ്ഥാനസര്‍ക്കാര്‍ ഈ ശുപാര്‍ശ അയക്കുന്നതിലെ കാലതാമസം വലിയതോതില്‍ വിവാദമായിരുന്നു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നത് വൈകിയിരുന്നു. അതിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here